റാന്നി: വാതകശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. ആരുടെയും പൊള്ളൽ ഗുരുതരമല്ല. ചിരട്ടയിൽ വെച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു. സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിൻഡർ ഓൺ ചെയ്തതാണ് കാരണമെന്ന് കരുതുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ജണ്ടായിക്കലിലെ വാതകശ്മശാനത്തിൽ തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയിൽ ജാനകിയമ്മയുടെ സംസ്‌കാരച്ചടങ്ങാണിവിടെ നടന്നത്. ഇവരുടെ കൊച്ചുമക്കളായ ജിജോമോൻ (41), രാജേഷ്‌കുമാർ (40), സുഹൃത്ത് പ്രദീപ് (40) എന്നിവർക്കാണ് പൊള്ളലേറ്റത്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതയ്ക്ക് തീ കൊളുത്തിയ ജിജോമോനാണ് കൂടുതൽ പൊള്ളലേറ്റത്. കർപ്പൂരത്തിലേക്ക് തീ പകരുന്നതിന് മുമ്പ് വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നതായും സംശയം തോന്നിയതിനാൽ കുട്ടികളടക്കമുള്ളവരെ അവിടെനിന്ന് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. റാന്നി പോലീസും റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, ഗ്രാമപ്പഞ്ചായത്തംഗം സിന്ധു സഞ്ജയൻ എന്നിവരും വിവരമറിഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തി.
തിങ്കളാഴ്ച രാവിലെ രണ്ട് ജീവനക്കാരെ അയച്ച് സംസ്‌കാരത്തിനാവശ്യമായ ക്രമീകരണം ഒരുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നതായി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പറഞ്ഞു. ശ്മശാനം പ്രവർത്തനം തുടങ്ങിയതുമുതൽ അവിടെ ജോലിചെയ്തിരുന്ന രണ്ടുപേരാണ് തിങ്കളാഴ്ചയും ഉണ്ടായിരുന്നത്. എന്താണ് കാരണമെന്ന് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നും അഖിലഭാരത അയ്യപ്പസേവാ സംഘം ദേശീയസെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.