തിരുവനന്തപുരം: നേതൃനിരയിലേക്ക് ഉയർന്നുകൊണ്ടിരിക്കെ ആരോപണങ്ങളുടെ കാർമേഘത്തിനുള്ളിലാവുകയാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന യുവനേതാവ്. 2006-ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പഠനത്തിനിടെയാണ് കെഎസ്‌യുവിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിലെത്തുന്നത്. നാവുകൊണ്ട് എതിരാളികളെ തകർക്കാനുള്ള കഴിവുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധം.
നേതാക്കൾക്ക് പഞ്ഞമില്ലാത്ത പാർട്ടിയിൽ മുതിർന്ന നേതാക്കളെപ്പോലും അമ്പരപ്പിച്ചായിരുന്നു രാഹുലിന്റെ വരവ്. ശരവേഗത്തിലായിരുന്നു പിന്നീടങ്ങോട്ടുള്ള രാഹുലിന്റെ വളർച്ച.2009 മുതൽ 2017 വരെ കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017-ൽ ജില്ലാ പ്രസിഡന്റ്. 2017-18-ൽ സംസ്ഥാന ജനറൽ സെക്രട്ടറി. 2018 മുതൽ 21 വരെ എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, 2020-ൽ കെപിസിസി അംഗം. പാർട്ടിവക്താവിന്റെ കുപ്പായമണിഞ്ഞ് ചാനൽ ഫ്ലോളോറുകളിലെ അന്തിച്ചർച്ചകളെത്തിയപ്പോൾ കൈവന്ന താരപരിവേഷം. പാർട്ടിക്കുള്ളിൽ പലപ്പോഴും ഉയർന്ന മുറുമുറുപ്പുകളും ഗ്രൂപ്പ് സമവാക്യങ്ങളുമൊക്കെ ‘ഹു കെയേഴ്‌സ്’ എന്നുപറഞ്ഞ് പുറംകൈകൊണ്ട് തട്ടിമാറ്റിയായിരുന്നു മുന്നോട്ടുള്ള ചുവടുകൾ.
എതിരാളി എത്ര കരുത്തനായാലും വാക്കിന്റെ മൂർച്ചകൊണ്ട് എതിരിടാമെന്ന തന്റേടമാണ് പാർട്ടിവക്താവായി എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത്. പക്ഷേ, കഴിഞ്ഞദിവസം സ്വയംപ്രതിരോധത്തിന് ക്യാമറകൾക്കുമുന്നിൽ എത്തുമ്പോൾ വാക്കുകൾക്ക് ശരവേഗമില്ലായിരുന്നു. ആയുധമില്ലാത്തവന്റെ കീഴടങ്ങലായിരുന്നു ശരീരഭാഷ
ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് പോയ ഒഴിവിലായിരുന്നു 2024 ഡിസംബർ നാലിന് രാഹുൽ നിയമസഭയിൽ സത്യപ്രതിജ്ഞചെയ്തത്. പിന്നീട് ചേർന്ന സമ്മേളനത്തിലെ കന്നിപ്രസംഗത്തിൽത്തന്നെ ഭരണപക്ഷത്തെ കരുത്തർക്കുമുന്നിൽ പതറാതെ അവരെ നിശ്ശബ്ദമാക്കിയ രാഹുലിനെ ഷാഫിയുടെ പകരക്കാരനായായാണ് എല്ലാവരും കണ്ടത്. പക്ഷേ, രാഷ്ട്രീയധാർമികതയുടെ വിഷയത്തിൽ അദ്ദേഹത്തിന് കാലിടറുന്നതാണ് പിന്നീടുള്ള കാഴ്ച. നിയമസഭാംഗമായി ഒൻപതുമാസത്തിനകം സ്ത്രീപീഡനാരോപണങ്ങളിൽ തട്ടി വീഴുന്ന കാഴ്ച അതിന്റെ തുടർച്ചയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.