ലഖ്നൗ: വോട്ട് ക്രമക്കേട് ആരോപണത്തിന് പിന്നാലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ എംപിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ്, സമാജ്വാദി പ്രവര്‍ത്തകരാണ് അജയ് റായിയെ എംപിയായി പ്രഖ്യാപിച്ച് ആഘോഷം നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടാകുന്നആഘോഷം എന്തായിരിക്കുമോ അത്തരത്തിലുള്ള ആഘോഷമായിരുന്നു വാരണാസിയില്‍ നടന്നത്. വാരണാസിയുടെ യഥാര്‍ത്ഥ എംപി'യെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ആഘോഷം. മോദിയുടെ വിജയത്തിന് വേണ്ടി വാരണാസിയില്‍ ബിജെപി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന് അജയ് റായ് ആരോപിച്ചതിന് പിന്നാലെയായിരുന്നു ആഘോഷം. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,52,513 വോട്ടുകള്‍ക്കാണ് അജയ് റായ് മോദിയോട് പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മോദി പിന്നിലായിരുന്നു. എന്നാല്‍ അവസാനംവിജയിക്കുകയായിരുന്നു. പക്ഷേ 2014നെയും 2019നെയും അപേക്ഷിച്ച് ഭൂരിപക്ഷം വളരെ കുറവായിരുന്നു.ബുധനാഴ്ചയായിരുന്നു അജയ് റായിക്ക് വേണ്ടിയുള്ള ആഘോഷം നടന്നത്. പ്രവര്‍ത്തകര്‍ റായിയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെയും അദ്ദേഹത്തിന് പൂമാല അണിയിക്കുന്നതിന്റെയും മധുരം നല്കുന്നതിന്റെയും വീഡിയോ പുറത്ത് വിട്ടിരുന്നു. മോദി 1,50,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമായി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് സമാജ്വാദി നേതാവ് അമന് യാദവ് പ്രതികരിച്ചു. വാരണാസിയിലെ ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ റായിയെയാണ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ക്ക് അജയ് റായിയാണ് വാരണാസിയുടെ എംപി, നരേന്ദ്ര മോദിയല്ല. വാരണാസിയുടെ മുഴുവന്‍ പേരുടെയും വികാരം അതാണ്', അമന് യാദവ് പറഞ്ഞു. തനിക്ക് വോട്ട് നല്കിയ 4,60,000 വോട്ടര്‍മാരോട് കടപ്പാട് അറിയിക്കുന്നുവെന്നും സമാജ്വാദി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ ഒരു കുടുംബത്തില്‍ 50 മക്കള്‍ പെട്ടെന്നുണ്ടായെന്ന് അജയ് റായ് ആരോപിച്ചു.
വാരണാസിയിലെ കശ്മീരിഗഞ്ച് ഏരിയയിലെ 51ാം വാര്‍ഡ് നമ്പറില്‍ രാംകമല്‍ ദാസ് എന്ന പേരിലുള്ള ഒരാള്‍ക്ക് 50 മക്കളുണ്ടെന്ന് വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ക്രമക്കേടിനെ തെരഞ്ഞെടുപ്പ് കമ്മീഷന് വെറുമൊരു തെറ്റായി കണ്ട് അവഗണിക്കുമോ അതോ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പരസ്യമായി അംഗീകരിക്കുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.