ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു.
രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓർമിപ്പിച്ച് ഭരണഘടന ശിൽപികൾക്ക് ആദരം അർപ്പിച്ച മോദി ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും അറിയിച്ചു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കി. തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂർ, വോട്ടർ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതാണ് ആകാംക്ഷ. പുതിയ കേന്ദ്ര പദ്ധതികൾ അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.