റിയാദ് :പെട്രോൾ പമ്പിൽ തീപിടിച്ച ട്രക്ക് സ്വന്തം ജീവൻ പണയം വച്ച് ഓടിച്ചുമാറ്റി വൻദുരന്തം ഒഴിവാക്കിയ സൗദി പൗരൻ മഹേർ ഫഹദ് അൽ-ദൽബാഹിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആദരം.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ പ്രകാരം, സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡലും ഒരു ദശലക്ഷം റിയാലും (ഏകദേശം 267,000 ഡോളർ) പാരിതോഷികമായി നൽകാൻ രാജാവ് ഉത്തരവിട്ടു.റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അൽ-സാലിഹിയ എന്ന തന്റെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു 40-കാരനായ അൽ-ദൽബാഹി. വഴിയിൽ ഒരു പെട്രോൾ പമ്പിനടുത്ത് എത്തിയപ്പോൾ, കാലിത്തീറ്റ നിറച്ച ഒരു ട്രക്കിന് തീപിടിക്കുന്നത് കണ്ടു. തീ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ, ട്രക്കിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
അപകടകരമായ സാഹചര്യത്തിൽ, ട്രക്ക് പമ്പിന്റെ ഇന്ധന ടാങ്കുകൾക്ക് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത് സമീപത്ത് ഒരു വൻ സ്ഫോടനത്തിന് വഴിയൊരുക്കുമായിരുന്നു. ആ സമയം അടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ കയറിയ അൽ-ദൽബാഹി, യാതൊന്നും ആലോചിക്കാതെ ട്രക്കിലേക്ക് ഓടിക്കയറി. ആളിക്കത്തുന്ന ട്രക്ക് പമ്പിൽ നിന്ന് വേഗത്തിൽ ഓടിച്ചുമാറ്റി.
അദ്ദേഹത്തിന്റെ ഈ ധീരമായ പ്രവൃത്തി കാരണം പ്രദേശവാസികളും പമ്പും ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.അൽ-ദൽബാഹിയുടെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ കൈകൾക്കും കാലുകൾക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ് അൽ-ദൽബാഹി. റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ നേരിട്ട് അദ്ദേഹത്തെ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
അൽ-ദൽബാഹിയുടെ പ്രവൃത്തി സൗദി പൗരന്മാരുടെ ധൈര്യം, സമർപ്പണം, നിസ്വാർഥത തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ രാജകീയ അംഗീകാരം, രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമായ മൂല്യങ്ങളോടുള്ള നേതൃത്വത്തിന്റെ ആഴമായ വിലമതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. അൽ-ദൽബാഹിയുടെ ധീരതയ്ക്ക് ലഭിച്ച ഈ അംഗീകാരം തങ്ങളുടെ കുടുംബത്തിന് വലിയ അഭിമാനമാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.