കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇയാളെ പിടികൂടിയിട്ടില്ല.ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്‍റെ പിന്നിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വർക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകൽ സ്റ്റേഷനിൽ വൈദികൻ പരാതി നൽകിയിരുന്നു.
വീട്ടിൽനിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വർക്ക് ഏരിയയുടെ ഗ്രില്‍ തകർത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവർ ധരിച്ചിരുന്ന 12 പവനോളം സ്വർണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം.
ശാന്തയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് ശനിയാഴ്ചയാണ് മൃതദേഹം ശാന്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 18 മുതൽ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം ഊർജിതമായ തിരച്ചിൽ നടത്തുന്നു. ശാന്തയുടെ മക്കൾ: ബിജിത്ത്, ബിന്ദു, മരുമകൾ: ഐശ്വര്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.