ന്യൂഡൽഹി: തീരുവ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ബന്ധം വഷളാകുന്നതിനിടെ യുഎസ് കമ്പനിയുമായി ഒരു ബില്യൻ ഡോളറിന്റെ കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ഫൈറ്റർ ജെറ്റിന്റെ എൻജിനുകൾക്കായുള്ള കരാറിലാണ് ഇന്ത്യ ഒപ്പ് വയ്ക്കുക. ജിഇ-404 വിഭാഗത്തിൽപ്പെട്ട 113 എൻജിനുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസ് കമ്പനിയായ ജിഇയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സെപ്റ്റംബറോടെ കരാർ ഒപ്പിടുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.തീരുവ തർക്കം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎസ് കമ്പനിയുമായി ഇന്ത്യ പ്രതിരോധ കരാർ ഒപ്പിടുന്നത്. എൽസിഎ മാർക്ക് 1എ വിഭാഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള 62,000 കോടി രൂപയുടെ കരാറിനായാണ് ഇന്ത്യ രംഗത്തെത്തിയത്. നേരത്തെ ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങുന്ന എൽസിഎ മാർക്ക് 1എ വിഭാഗത്തിൽപ്പെട്ട 83 യുദ്ധവിമാനങ്ങൾക്കായി 99 ജിഇ-404 എൻജിനുകൾ വാങ്ങുന്ന കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും യുഎസ് കമ്പനിയും ഒപ്പുവച്ചിരുന്നു.
പുതിയ കരാർ പ്രകാരം ഇത്തരത്തിലുള്ള 113 എൻജിനുകൾ കൂടിയായിരിക്കും വാങ്ങുക. ആകെ 202 ജിഇ-404 എൻജിനുകൾ ആണ് വ്യോമസേനയ്ക്ക് ആവശ്യമുള്ളത്. വ്യോമസേനയുടെ മിഗ്-21 വിമാനങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാർക്ക്1എ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്.അതേസമയം തീരുവ തർക്കം തുടരുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നാല് തവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചതായാണ് ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് യുഎസ് കമ്പനിയുമായി ഒരു ബില്യൻ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പ് വയ്ക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.