ന്യൂഡൽഹി: ലഹരി സിൻഡിക്കറ്റുകൾക്കിടയിലെ മ്യാവൂ മ്യാവൂ. ബൗൺസ്, ബാത്ത് സാൾട്ട്സ്, മാഡ് കൗ, ബബിൾസ് അങ്ങനെ ലോക മാർക്കറ്റിൽ പലപേരാണ് ഈ അതിമാരക ലഹരി മരുന്നിന്.
പറഞ്ഞുവരുന്നത് ഓഗസ്റ്റ് 16ന് ഭോപ്പാലിലെ ഹുസൂരിന് സമീപം ജഗ്ദീഷ്പുരിലെ ലഹരിനിർമാണ കേന്ദ്രത്തിൽ ഡിആർഐ നടത്തിയ ലഹരിവേട്ടയെ കുറിച്ചാണ്. ഓപ്പറേഷൻ ക്രിസ്റ്റൽ ബ്രേക്ക് എന്ന പേരിൽ നടത്തിയe ലഹരിവേട്ടയിൽ സൂററ്റ്, മുംബൈ നഗരങ്ങളിലെ പൊലീസും ഡിആർഐയെ സഹായിച്ചു. പിടികൂടിയത് രാജ്യാന്തര ലഹരി സിൻഡിക്കേറ്റിലെ മുഖ്യ കണ്ണികളെ. പിന്നാലെ തെളിഞ്ഞത് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ഒരു കാലത്ത് ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച ദാവൂദ് ഇബ്രാഹിമിന്റെ ഡി–കമ്പനിയുമായുള്ള ലഹരിസംഘത്തിന്റെ ബന്ധത്തെ. എന്താണ് മ്യാവൂ മ്യാവൂ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെഫെഡ്രോൺ? ആരാണ് ഇതിന് പിന്നിലെ ലഹരി സിൻഡിക്കേറ്റ്? ഡി–കമ്പനി ഇന്ത്യയിൽ വീണ്ടും സജീവമാകുകയാണോ?ചൈനയിൽ നിന്ന് ഉത്ഭവിച്ച ‘മാഡ് കൗ’ 1929ലാണ് മെഫെഡ്രോൺ എന്ന ലഹരിമരുന്ന് കണ്ടുപിടിക്കുന്നത്. 4- മിഥൈൽമെത്ത്കാഥിനോൺ എന്നാണ് ഈ രാസലഹരിയുെട യഥാർഥ പേര്. കിഴക്കൻ ആഫ്രിക്കയിൽ കണ്ട് വരുന്ന ഖാറ്റ് എന്ന സസ്യത്തിന്റ (ബുഷ്മാൻ ടീ) ഇലകളിൽ നിന്നാണ് ഇത് ആദ്യമായി വേർതിരിച്ചെടുത്തത്. ഈ ചെടിയിൽ കണ്ടുവരുന്ന കാഥിനോൺ എന്ന സംയുക്തത്തിന്റെ ഉപോത്പന്നമാണ് മെഫെഡ്രോൺ. തുടക്കത്തിൽ ലഹരിമരുന്നിന്റെ ഗണത്തിൽ ഇതിനെ ആരും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് ചൈനയിലാണ് മെഫെഡ്രോൺ എന്ന രാസലഹരിമരുന്ന് ഉത്പാദനം ആരംഭിച്ചത്. വൈകാതെ യുഎസിലേക്കും യൂറോപ്പിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.
ബൗൺസ്, ബാത്ത് സാൾട്ട്സ്... 2003ഓടെയാണ് മെഫെഡ്രോൺ യുഎസിലെ യുവാക്കൾക്കിടയിൽ വ്യാപിച്ച് തുടങ്ങിയത്. വൈകാതെ ഡാർക്ക് നെറ്റിലും മറ്റും ഇത് വിൽപ്പനക്കെത്തി. 2010ഓടെ മെഫെഡ്രോൺ യൂറോപ്പിലും വ്യാപിച്ചു. എംഡിഎംഎ, കൊക്കെയ്ൻ എന്നിവ കഴിഞ്ഞാൽ യുവാക്കൾക്കിടയിൽ പ്രീതി പിടിച്ചുപറ്റിയ ലഹരിമരുന്നായി മെഫെഡ്രോൺ വൈകാതെ മാറി. പിന്നാലെ യൂറോപ്പിൽ മെഫെഡ്രോൺ വ്യാപകമായി നിരോധിക്കപ്പെട്ടു. ഇതോടെ ലഹരിമരുന്നിന്റെ നിർമാണവും വിതരണവും യൂറോപ്പിൽ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്നു. മ്യാവൂ മ്യാവൂ, ബൗൺസ്, ബാത്ത് സാൾട്ട്സ്, മാഡ് കൗ, ബബിൾസ് അങ്ങനെ നിരവധി പേരുകളിൽ മെഫെഡ്രോൺ വ്യാപിച്ചു.മറ്റുള്ളവയെ പോലെ തന്നെ മെഫെഡ്രോൺ എന്ന രാസലഹരിയും യുവജനതയുടെ ആരോഗ്യത്തെ കാർന്നുതിന്നാൻ ആരംഭിച്ചിരുന്നു. ഉന്മേഷം, ലൈംഗിക ഉത്തേജനം, സംഗീതത്തോടുള്ള അമിതമായ ആവേശം എന്നിവയാണ് മെഫെഡ്രോൺ ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിരന്തര ഉപയോഗം മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നതാണ് കണ്ടത്. ഭ്രമാത്മകത, ഉത്കണ്ഠ, അപസ്മാരം, ഏകാഗ്രത കുറവ്, ഓർമ്മ കുറവ്, വർദ്ധിച്ച രക്തസമ്മർദ്ദം തുടങ്ങിയവയ്ക്കും മെഫെഡ്രോൺ കാരണമായി. വായിലൂടെയും മൂക്കിലൂടെയുമാണ് മെഫെഡ്രോൺ ശരീരത്തിലേക്ക് കുത്തിവച്ചിരുന്നത്. പെട്ടെന്ന് ഉന്മേഷം കിട്ടാനായിരുന്നു ഇത്തരത്തിലുള്ള ഉപയോഗം. ഗുളികകൾ, കാപ്സ്യൂളുകൾ എന്നീ രൂപത്തിലും മെഫെഡ്രോൺ യുവാക്കളിലേക്കും കോളജ് വിദ്യാർഥികളിലേക്കും ഒഴുകി.
ഭോപ്പാലിലെ രഹസ്യകേന്ദ്രം; സിൻഡിക്കറ്റിനെ പൂട്ടി ഡിആർഐ ഓഗസ്റ്റ് 16. ഭോപ്പാൽ ജില്ലയിലെ ഹുസൂർ താലൂക്കിലെ ജഗദീഷ്പുർ ഗ്രാമം. ഇവിടെ വളരെ ഒറ്റപ്പെട്ട് സ്ഥിതി ചെയ്തിരുന്ന വീട്ടിലേക്ക് പെട്ടെന്ന് ഒരു സംഘം ഇടിച്ച് കയറി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്കൊപ്പം സൂററ്റ്, മുംബൈ നഗരങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും ‘ഓപ്പറേഷൻ ക്രിസ്റ്റൽ ബ്രേക്ക്’ എന്ന് പേരിട്ട ആ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നത് രണ്ട് പേർ. ഒരു കെമിക്കൽ ലാബിന് സമാനമായ രീതിയിലുള്ള സൗകര്യങ്ങളായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്ക് തെറ്റിയില്ല. മാസങ്ങളായി അവർ അന്വേഷിച്ച് നടന്നിരുന്ന രാജ്യാന്തര രാസലഹരി സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്.തിരച്ചിലിൽ 61.2 കിലോഗ്രാം മെഫെഡ്രോൺ ആണ് ഡിആർഐ സംഘം പിടിച്ചെടുത്തത്. രാജ്യാന്തര വിപണയിൽ 92 കോടി രൂപ വിലമതിക്കുന്ന രാസലഹരി. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം രാജ്യത്ത് നിരോധിത ലഹരിവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്ന ഒരു സൈക്കോട്രോപിക് പദാർത്ഥമാണ് മെഫെഡ്രോൺ. ദ്രാവകരൂപത്തിലുള്ള മെഫെഡ്രോൺ വീട്ടിൽനിന്ന് സംഘം കണ്ടെത്തി. ഇത് പൊടി, ക്രിസ്റ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയ ആണ് അവിടെ നടന്നിരുന്നത്. കൂടാതെ, മെത്തിലീൻ ഡൈക്ലോറൈഡ്, അസെറ്റോൺ, മോണോമെത്തിലാമൈൻ (എംഎംഎ), ഹൈഡ്രോക്ലോറിക് ആസിഡ് (എച്ച്സിഎൽ), 2-ബ്രോമോ എന്നിവയുൾപ്പെടെ 541.53 കിലോഗ്രാം അസംസ്കൃത വസ്തുക്കളും ലഹരി സംസ്കരണ ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു.
പിന്നാലെ രാജ്യാവ്യാപകമായി നടന്ന റെയ്ഡിൽ മുംബൈ ഭിവണ്ടിയിൽ നിന്ന് ഭോപ്പാലിലെ ഈ രഹസ്യ കേന്ദ്രത്തിലേക്ക് അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്തിരുന്ന പ്രധാനിയെയും പിടികൂടി. ഉത്തർപ്രദേശിലെ ബസ്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വൈകാതെ സൂറത്തിൽ നിന്നും മുംബൈയിൽ നിന്നും ഹവാല ഇടപാടിലുടെ വിദേശഫണ്ട് കൈമാറ്റം ചെയ്തിരുന്ന ലഹരിമരുന്ന് സംഘവുമായി ബന്ധമുള്ളവരും പിടിയിലായി. ‘ഓപ്പറേഷൻ ക്രിസ്റ്റൽ ബ്രേക്കി’ൽ ആകെ 7 പേരാണ് പിടിയിലായത്. പ്രശാന്ത് തോറാത്ത്, ഇദ്രിസ്, റസാഖ്, അബ്ദുൾ ഫൈസൽ ഖുറേഷി, അഞ്ജലി രജ്പുത്, വീരൻ ഷാ, അഷ്‌റഫ് റെയ്ൻ എന്നിവരാണ് പിടിയിലായവർ. മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
കിങ്പിനും പവർഹൗസും വിദേശത്തുനിന്ന് ഇതെല്ലാം നിയന്ത്രിച്ചിരുന്നത് ഒരു വ്യക്തിയാണെന്ന് അറസ്റ്റിലായ ഏഴ് പേരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 6 മെഫെഡ്രോൺ ഉത്പാദനകേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് നടത്തിയിരുന്നെങ്കിലും പിന്നിലെ സൂത്രധാരൻ അപ്പോഴും കാണാമറയത്തായിരുന്നു. രാജ്യാന്തര സിൻഡിക്കേറ്റുകളിലേക്ക് വിരൽ ചൂണ്ടുന്ന പല തെളിവുകളും വൈകാതെ ഡിആർഐക്ക് ലഭിച്ചിരുന്നു. ആരാണ് ഇന്ത്യയിലെ മെഫെഡ്രോൺ ശൃംഖലയുടെ കിങ്പിൻ? ചോദ്യങ്ങൾ അപ്പോഴും ബാക്കിയായി. തുർക്കിയിലെ രാജ്യാന്തര കള്ളക്കടത്തുകാരൻ സലിം ദോലയാണ് ഭോപ്പാലിലെ ഈ അനധികൃത ഫാക്ടറി നടത്തിയിരുന്നതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ദാവൂദ് ഇബ്രാഹിമിന്റെ അധോലോക കള്ളക്കടത്ത് സംഘമായ ഡി–കമ്പനിയുമായി അടുത്ത ബന്ധമുള്ള അധോലോക നായകനാണ് സലിം ദോല. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായ ഇഖ്ബാൽ മിർച്ചിയുമായും ഇയാൾക്ക് അടുത്തബന്ധമുണ്ട്.
കിങ്പിൻ സലിം ദോലയെങ്കിൽ രാജ്യാന്തര മെഫെഡ്രോൺ ലഹരി സംഘത്തിന്റെ പവർഹൗസ് ആരാണെന്നതിൽ പിന്നീട് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലായിരുന്നു. ദാവൂദ് ഇബ്രാഹിം തന്നെയാണ് ലഹരിസംഘത്തിന്റെ തലപ്പത്ത് എന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. ഇതോടെ ഒരു കാര്യം വ്യക്തം. ഡി–കമ്പനി ഇന്ത്യയിൽ വീണ്ടും സജീവമാകുകയാണോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.