റായ്പുർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പൊലീസ് കേസ്.
ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിവിധ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മഹുവയുടെ പരാമർശത്തിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 197 (ദേശീയോദ്ഗ്രഥനത്തിനു ദോഷകരമായ ആരോപണങ്ങൾ, അവകാശവാദങ്ങൾ) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.
ബംഗ്ലദേശേിൽ നിന്ന് പതിനായിരങ്ങൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നായിരുന്നു മഹുവയുടെ പരാമർശം.മമതാ ബാനർജി സർക്കാർ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമർശനത്തിനായിരുന്നു മഹുവയുടെ മറുപടി. ‘ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ, നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്നിന്നു ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം’ എന്നായിരുന്നു മഹുവ പറഞ്ഞത്. അതിർത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞു കയറ്റമുണ്ടെങ്കിൽ അതിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞ ശേഷമായിരുന്നു മഹുവയുടെ വിവാദ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.