ന്യൂഡൽഹി : പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 125-ാം ഭാഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും ഉണ്ടായ മിന്നൽ പ്രളയവും തുടർന്നുണ്ടായ അപകടങ്ങളും ചൂണ്ടിക്കാട്ടി ആയിരുന്നു മോദിയുടെ പ്രസംഗം. ‘‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മൂലമുണ്ടായ വൻ നാശനഷ്ടങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു. വീടുകൾ തകർന്നു, വയലുകൾ വെള്ളത്തിൽ മുങ്ങി.
മുഴുവൻ കുടുംബങ്ങളും നശിച്ചു. നിരന്തരമായ വെള്ളപ്പൊക്കം കാരണം പാലങ്ങൾ ഒലിച്ചു പോയി. റോഡുകൾ ഒലിച്ചു പോയി. ജനങ്ങളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഇന്ത്യക്കാരനെയും ദുഃഖത്തിലാഴ്ത്തി.പ്രതിസന്ധി ഉണ്ടായിടത്തെല്ലാം, നമ്മുടെ എൻഡിആർഎഫ്-എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും മറ്റു സുരക്ഷാ സേനകളും ജനങ്ങളെ രക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ചു. സൈനികർ സാങ്കേതികവിദ്യയുടെ സഹായവും സ്വീകരിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്നിഫർ ഡോഗുകൾ, ഡ്രോൺ നിരീക്ഷണം എന്നിവയുടെ സഹായത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചു.
ഈ സമയത്ത്, ഹെലികോപ്റ്ററുകൾ വഴി ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. നാട്ടുകാർ, സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, ഭരണകൂടം തുടങ്ങി ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ഈ ദുഷ്‌കരമായ സമയങ്ങളിൽ മനുഷ്യത്വത്തിനു മുൻഗണന നൽകിയ ഓരോ പൗരനും ഹൃദയപൂർവം നന്ദി പറയുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കവും മഴയും മൂലമുണ്ടായ നാശനഷ്ടങ്ങൾക്കിടയിലും ജമ്മു കശ്മീർ രണ്ടു സവിശേഷ നേട്ടങ്ങൾ കൈവരിച്ചെന്നും മോദി വ്യക്തമാക്കി. ഇവ അധികം ആളുകൾ ശ്രദ്ധിച്ചില്ല. പക്ഷേ ആ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും. പുൽവാമയിലെ ഒരു സ്റ്റേഡിയത്തിൽ റെക്കോർഡ് എണ്ണം ആളുകൾ ഒത്തുകൂടി. പുൽവാമയിലെ ആദ്യത്തെ ഡേ നൈറ്റ് ക്രിക്കറ്റ് മത്സരം ഇവിടെയാണ് നടന്നത്. മുൻപ് ഇത് അസാധ്യമായിരുന്നു. പക്ഷേ ഇപ്പോൾ രാജ്യം മാറുകയാണ്. ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാമത്തെ പരിപാടി രാജ്യത്തെ ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ ആയിരുന്നു. അതും ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്നു. ഇന്ത്യയിലുടനീളമുള്ള 800ലധികം അത്ലീറ്റുകൾ ഇതിൽ പങ്കെടുത്തു. വനിതാ അത്‌ലീറ്റുകൾ ഒട്ടും പിന്നിലല്ലായിരുന്നു. അവരുടെ പങ്കാളിത്തം പുരുഷന്മാരുടെ പങ്കാളിത്തത്തിന് ഏതാണ്ട് തുല്യമായിരുന്നു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.