ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ശശി തരൂരിൻ്റെ വിശദീകരണം. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പുണ്ടെന്നും അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും ശശി തരൂര്‍ പറഞ്ഞു.'ഞാന്‍ പറഞ്ഞതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ പ്രത്യേകം പറഞ്ഞതാണ് (ബില്ലില്‍ പ്രതിപക്ഷം നിലപാടെടുക്കും മുന്‍പായിരുന്നു ഇത്) ബില്ലിനെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല, പക്ഷെ തെറ്റ് ചെയ്തവര്‍ സ്ഥാനം രാജിവെക്കണമെന്ന നിര്‍ദേശത്തില്‍ ഒരു തെറ്റും കാണാന്‍ സാധിക്കുന്നില്ല. ബില്‍ പഠിക്കാതെ ഞാന്‍ അതിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ മാധ്യമങ്ങള്‍ അവരുടെ പതിവുരീതി തുടര്‍ന്നു'- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. എന്‍ഡിടിവിയോട് സംസാരിക്കുന്നതിന്റെ വീഡിയോയും താന്‍ പറഞ്ഞതെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ ചിത്രവും അദ്ദേഹം ഇതിനോടൊപ്പം എക്‌സില്‍ കുറിച്ചു.
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാന്‍ കഴിയുമോയെന്നായിരുന്നു ശശി തരൂർ നേരത്തെ ചോദിച്ചത്. അതൊരു സാമാന്യയുക്തിയാണ്. അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. ബില്ലിനെതിരെ പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയായിരുന്നു ശശി തരൂരിന്റെ എതിര്‍ ശബ്ദം.അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിമാരോ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസ്ഥാനം നഷ്ടമാകും, സ്വയം രാജിവെച്ചില്ലെങ്കില്‍ പ്രസിഡന്റിനോ ഗവര്‍ണര്‍ക്കോ ലെഫ്.ഗവര്‍ണര്‍ക്കോ മന്ത്രിമാരെ പുറത്താക്കാം, ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമെ ഇത് നടപ്പാക്കാനാകു എന്നതടക്കമുള്ള കാര്യങ്ങള്‍ അടങ്ങുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്
ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. ബില്ലിനെ എതിര്‍ക്കുന്നതായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ പ്രതികരിച്ചു. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരാളെ ശിക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന ബില്ലാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. പാർലമെൻറിന്റെ അടുത്ത സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ചേർന്നതാണ് ജെപിസി. ജെപിസിയുടെ നിർദേശങ്ങളൾക്ക് ഉപദേശക സ്വഭാവമായതിനാൽ അവ പാലിക്കണമെന്ന നിബന്ധനയില്ല എന്നതും ബില്ലിന്റെ ഭാവിയെ നിശ്ചയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.