ആലപ്പുഴ : മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളിൽ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യൻ. ദിവസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്.
വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലത്ത് ഇയാൾ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകൾ നിറഞ്ഞതാണ്. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു. നാട്ടിലെ അമ്മാവൻ എന്നാണ് ഇയാൾ അറിയപ്പെട്ടത്.അതേസമയം, സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ ജില്ലയുടെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരെ വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യൻ വിൽപന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54)യുടെ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയെന്നും കണ്ടെത്തി. കാണാതായ സ്ത്രീകളിൽ നിന്ന് ഇയാൾ എത്രമാത്രം സമ്പാദ്യം കവർന്നിട്ടുണ്ട് എന്തു കണ്ടെത്താനാണു സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. തന്റെ കയ്യിൽ 150 പവൻ സ്വർണമുണ്ടെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു.
സെബാസ്റ്റ്യൻ സാമ്പത്തിക സഹായം നൽകിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എൽ പുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2024 മേയ് 11നു കണിച്ചുകുളങ്ങരയിൽ യുവ വ്യവസായിയെ കാർ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
ദേശീയ പാത നിർമാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാർ തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു അന്നത്തെ ഭീഷണിക്കു കാരണം. ഇതിൽ ഒരു കരാറുകാരന് സെബാസ്റ്റ്യന്റെ സുഹൃത്തായ എസ്എൽ പുരം സ്വദേശി 45 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്റെ സ്രോതസ്സും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതിനിടെ സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് തുടരും. കൂടുതൽ സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
.webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.