കണ്ണൂർ : പാപ്പിനിശ്ശേരി വെസ്റ്റ് എൽപി സ്കൂളിൽ മൂന്നാം ക്ലാസ് വരെ ബാക്ക് ബെഞ്ചേഴ്സോ ഫ്രണ്ട് ബെഞ്ചേഴ്സോ ഇല്ല. മുന്നാക്കക്കാരും പിന്നാക്കക്കാരും ഇല്ലാത്ത ക്ലാസ് മുറിയിൽ ഇരുന്നു പഠിക്കാൻ കുട്ടികൾക്കും വലിയ സന്തോഷം. പുറകിലിരിക്കുന്നവരെല്ലാം മോശക്കാരാണെന്നു പതിഞ്ഞുപോയ വിശ്വാസം പൊളിക്കാനാണ് ബാക്ക് ബെഞ്ച് സങ്കൽപം ഇല്ലാതാക്കുന്നത്. ക്ലാസ് മുറികളിൽ ഒന്നിനു പിറകേ ഒന്നായി ബെഞ്ചും ഡസ്കും വച്ച് ക്ലാസുകൾ സജ്ജീകരിക്കുന്നതിനു പകരം എല്ലാവരും അധ്യാപകന് അഭിമുഖമായി അർധവൃത്താകൃതിയിൽ ഇരിക്കുന്ന രീതിയാണു ക്രമീകരിച്ചത്.
ക്ലാസ് മുറി ഈ രീതിയിൽ മാറ്റുന്നതിന് ഒരു സിനിമ പ്രചോദനമായെന്ന് അധ്യാപകനായ അമൽ ചന്ദ്രൻ പറഞ്ഞു. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്താനാർത്തി ശ്രീക്കുട്ടൻ’ സിനിമയിലെ രംഗമാണ് സ്പർശിച്ചത്. സിനിമ കണ്ടപ്പോൾ അമലിന് സ്കൂൾകാലം ഓർമ വന്നു. താൻ പഠിച്ച സ്കൂളിലും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത രീതിയിലായിരുന്നു ക്ലാസ് ക്രമീകരിച്ചത്. നെടുകുളം എൽപി സ്കൂൾ അധ്യാപികയായിരുന്ന ആശയായിരുന്നു അതിന് മുൻകൈ എടുത്തതെന്നും അമൽ പറഞ്ഞു. ക്ലാസ് മുറികൾ ഈ രീതിയിൽ ക്രമീകരിക്കുന്നത് പുതിയ കാര്യമല്ല.
മുമ്പ് ഡിപിഇപിയുെട നേതൃത്വത്തിലും കുട്ടികളെ അർധവൃത്താകൃതിയിൽ ഇരുത്തുന്നത് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ കുട്ടികൾ കൂടുതലുള്ള ക്ലാസ് മുറികളിൽ ഈ രീതിയിൽ ഇരുത്തുന്നത് പ്രായോഗികമായിരുന്നില്ല. മാത്രമല്ല, ചില ഭാഗത്ത് ഇരിക്കുന്ന കുട്ടികൾക്ക് ബോർഡിലേക്കു ചെരിഞ്ഞു നോക്കേണ്ടി വരുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.
നടപ്പാക്കാൻ തമിഴ്നാടും
തമിഴ്നാട്ടിലെ സ്‌കൂളുകളിലും ഇനി ബാക്ക് ബെഞ്ചേഴ്‌സും ഫ്രണ്ട് ബെഞ്ചേഴ്‌സുമുണ്ടാകില്ല. ഇനി മുതൽ ക്ലാസ് മുറികളിൽ അർധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പുതിയ പരിഷ്കാരത്തിനു പ്രചോദനമായത് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണു സൂചന. തമിഴ്നാട്ടിലും ഈ സിനിമ ചർച്ചയായിരുന്നു.
കാലം മാറി രീതികളും
പഴയകാലത്ത് പിൻബെഞ്ചിൽ ഇരിക്കുന്നവർ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരാണെന്നുള്ള ധാരണയായിരുന്നു. നിലവിൽ ഭൂരിഭാഗം വിദ്യാലയങ്ങളിലും ഉയരക്രമമനുസരിച്ചാണ് കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്. എന്നിരുന്നാലും ബാക്ക് ബെഞ്ചിലിരിക്കുന്നവർ തരികിടകളാണെന്ന മുൻധാരണയ്ക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ല.
മിക്ക സ്കൂളുകളിലും ആഴ്ച തോറും കുട്ടികളെ ഓരോ ബെഞ്ചുകളിലേക്കു മാറ്റിയിരുത്തുന്ന റൊട്ടേഷൻ രീതിയാണു നടപ്പാക്കുന്നത്. മുൻപ് കണ്ണൂരിലെ കല്യാശേരി ഉൾപ്പെെട പല സ്കൂളുകളിലും അർധവൃത്താകൃതിയിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതു പരീക്ഷിച്ചിരുന്നു. ബുദ്ധിമുട്ടായതോടെ ഈ രീതി ഒഴിവാക്കുകയായിരുന്നു. കുട്ടികൾ കൂടുതലുള്ള ക്ലാസുകളിൽ ഈ രീതി പ്രായോഗികമല്ല. പാപ്പിനിശ്ശേരി സ്കൂളിൽ തന്നെ കുട്ടികൾ കൂടുതലുള്ള ക്ലാസുകളിൽ ഈ രീതി നടപ്പാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.