മുംബൈ : ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിഞ്ഞതു കണ്ട നാട്ടുകാരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്.
‘‘ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി. ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിഞ്ഞു.’’–പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി. ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. പർബാനി സ്വദേശികളായ ഇവർ, ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.