വാഷിങ്ടൺ: വെടിനിർത്തൽ ചർച്ചകളിൽനിന്ന് പിൻവാങ്ങിയ ശേഷം ഹമാസിനെതിരേ രൂക്ഷപ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിനെതിരായ പോരാട്ടം പൂർത്തിയാക്കി അവരുടെ കഥ കഴിക്കാൻ ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടു.
രണ്ടാഴ്ചകൾക്ക് മുൻപ് ഗാസയിൽ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇപ്പോൾ നേരെ തിരിഞ്ഞിരിക്കുകയാണ്. ഹമാസ് ഒറ്റക്കെട്ടല്ലെന്നും സദുദ്ദേശ്യത്തോടെയല്ല അവർ പ്രവർത്തിക്കുന്നതെന്നും ട്രംപ് വിലയിരുത്തിയതായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
"ബന്ദികളെ പുറത്തെത്തിക്കുന്നതിനായി 'ബദൽ മാർഗങ്ങൾ' തേടുകയാണെന്നും റിപ്പോർട്ടുണ്ട്. അവർ കൊല്ലപ്പെടാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്, അത് വളരെ മോശമാണ്. നിങ്ങൾക്ക് ആ പോരാട്ടം പൂർത്തിയാക്കേണ്ട ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു." സ്‌കോട്ട്‌ലൻഡിലേക്കുള്ള യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ട്രംപ് പറഞ്ഞു.
ചർച്ചകൾ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഹമാസിനുമേൽ ട്രംപ് ചുമത്തി. ഡസൻ കണക്കിന് ബന്ദികൾ മോചിപ്പിക്കപ്പെടുകയോ കസ്റ്റഡിയിൽ മരിക്കുകയോ ചെയ്തതോടെ ഹമാസിന്റെ വിലപേശൽ ശക്തി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ നമ്മൾ അവസാന ബന്ദികളിലേക്ക് എത്തിയിരിക്കുന്നു, അവസാന ബന്ദികളെയും ലഭിച്ചുകഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ അവർ ഒരു കരാർ ഉണ്ടാക്കാൻ ശരിക്കും ആഗ്രഹിച്ചില്ല.' ട്രംപ് പറഞ്ഞു.
'അവർക്ക് പോരാടേണ്ടിവരും. നിങ്ങൾ അവരെ ഇല്ലാതാക്കണം.' ഇസ്രയേലിനോട് ട്രംപ് പറഞ്ഞു. അതേസമയം, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, ഈജിപ്തും ഖത്തറും ഗാസയിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കുന്നതിൽ മുന്നോട്ട് പോകുമെന്ന് അറിയിച്ചു. സങ്കീർണ്ണമായ ചർച്ചകൾ ചിലപ്പോൾ വഴിമുട്ടുന്നത് സാധാരണമാണെന്നും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.