ബെംഗളൂരു: പോലീസ് എത്തുമ്പോൾ തറയിൽ ഒരാൾ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. സമീപം ഒഴിഞ്ഞ വിഷക്കുപ്പി, അലമുറയിട്ടു കരയുന്ന ഭാര്യ, അൽപ്പമകലെ കാർ. സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ആത്മഹത്യയെന്ന് കരുതി പോലീസ് തിരിച്ചുപോവാൻ ഒരുങ്ങുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. വിഷക്കുപ്പിയുടെ അടപ്പ് കാണാനില്ല.
ബെംഗളൂരു സൗത്ത് ജില്ലയിലെ കൺവാ അണക്കെട്ടിന് സമീപമുള്ള വിജനമായ സ്ഥലത്താണ് സംഭവം. ഭർത്താവിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുള്ള എല്ലാ മുൻകരുതലുകളും ഭാര്യ എടുത്തിരുന്നു. പക്ഷെ, സ്ഥലം അരിച്ചുപെറുക്കിയ പോലീസിന് വിഷക്കുപ്പിയുടെ അടപ്പു മാത്രം കണ്ടെടുക്കാനായില്ല. ആ ഒരൊറ്റ പഴുത് മതിയായിരുന്നു ആത്മഹത്യ കൊലപാതകമായി മാറാൻ.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കൃഷ്ണപുരദൊഡ്ഡി സ്വദേശിയും മകളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ലോകേഷ് കുമാറി(45)ന്റെ മൃതദേഹത്തിനു സമീപം ഭാര്യ ചന്ദ്രകല ഉച്ചത്തിൽ അലറിക്കരയുന്നുണ്ടായിരുന്നു. 'നിങ്ങൾ എന്തിനിത് ചെയ്തു? എന്തിനെന്നെ ഉപേക്ഷിച്ചുപോയി?' എന്നു ചോദിച്ചാണ് അവർ കരയുന്നത്.
പോലീസ് ഇൻസ്‌പെക്ടർ ബി.കെ. പ്രകാശും സബ് ഇൻസ്‌പെക്ടർ സഹാന പാട്ടീലും സ്ഥലം അരിച്ച് പെറുക്കി. അവർ ചന്ദ്രകലയോട് ചോദിച്ചു: 'അയാൾ വിഷം കുടിച്ച് കുപ്പി സമീപത്ത് വെച്ചെങ്കിൽ, കുപ്പിയുടെ അടപ്പ് എവിടെ?' പിന്നാലെ മറ്റൊരു കാര്യവും ശ്രദ്ധയിൽപ്പെട്ടു: മരിച്ചയാൾ ഒരു ചെരുപ്പ് മാത്രമേ ധരിച്ചിരുന്നുള്ളൂ. ചന്നപട്ടണ ഡിവൈഎസ്പി കെ.സി. ഗിരി തന്റെ കീഴുദ്യോഗസ്ഥരെ നോക്കി ചോദിച്ചു: 'ഒറ്റച്ചെരുപ്പ് ധരിച്ച് ഒരാൾ എന്തിന് ആത്മഹത്യ ചെയ്യണം?'
ലോകേഷ് കുമാററിന് ചന്നപട്ടണയിലും സൊങ്കടക്കട്ടയിലുമായി രണ്ട് കോഴിക്കടകൾ ഉണ്ടായിരുന്നു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ് ഭാര്യ ചന്ദ്രകല. ഭർത്താവിന്റെ മരണത്തിന്റെ പിറ്റേന്ന് അവർ ചന്നപട്ടണയിൽ വാർത്താസമ്മേളനം വിളിച്ചുചേർക്കുകയും മരിച്ചു പോയ ഭർത്താവിനെ ഓർത്ത് മാധ്യമങ്ങളുടെ മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.
അതിനിടെ, ലോകേഷിന്റെ കുടുംബം ചന്ദ്രകലയ്‌ക്കെതിരെ ആരോപണവുമായി പോലീസിനെ സമീപിച്ചു. ചന്ദ്രകലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ലോകേഷ് അത് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു. 'മരണകാരണം വിഷമാണെന്ന് സ്ഥിരീകരിച്ചെങ്കിലും, ഡോക്ടർമാർ അസ്വാഭാവികമായ ഒരു കാര്യം ശ്രദ്ധിച്ചു. ആത്മഹത്യാ കേസുകളിൽ, വിഷം സാധാരണയായി നേരിട്ട് വയറ്റിലേക്കാണ് പോകുന്നത്. എന്നാൽ ഇവിടെ, നെഞ്ചിൽ വലിയ അളവിൽ വിഷത്തിന്റെ അംശം കണ്ടെത്തി, ഇത് ബലമായി കഴിപ്പിച്ചതാണെന്ന സംശയം വർദ്ധിപ്പിച്ചു.' പോലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗഡ പറഞ്ഞു. സംശയം ഇരട്ടിച്ചതോടെ, പോലീസ് സ്വകാര്യ സൂപ്പർ-സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ടാംതും പോസ്റ്റ്‌മോർട്ടം നടത്തി. ലോകേഷ് സ്വമേധയാ വിഷം കഴിച്ചതോ അല്ലെങ്കിൽ ബലമായി കഴിപ്പിച്ചതോ ആകാമെന്നായിരുന്നു റിപ്പോർട്ട്. ഗ്രാമവാസികളോടട് സംസാരിച്ചപ്പോൾ പോലീസിന് മറ്റൊരു വിവരം ലഭിച്ചു: ജൂൺ 23-ന് രാത്രിയിൽ സംഭവസ്ഥലത്ത് ഒരു കറുത്ത കാർ കണ്ടിരുന്നു. കൺവാ അണക്കെട്ടിലേക്കുള്ള വഴിയിലെ ഹോട്ടലിൽനിന്നും പെട്രോൾ പമ്പിൽനിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു, ഈ രണ്ട് ദൃശ്യങ്ങളിലും കറുത്ത കാർ പ്രത്യക്ഷപ്പെട്ടു.
ചന്ദ്രകലയുടെ ഫോണിന്റെ കോൾ ലിസ്റ്റ് എടുത്തതോടെ കാര്യം വ്യക്തമായി: ബെംഗളൂരുവിലെ ജനറൽ പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ യോഗേഷ് എന്നയാളുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ലൊക്കേഷൻ ഡാറ്റ പ്രകാരം, ലോകേഷ് മരിച്ച അതേ രാത്രിയിൽ യോഗേഷ് അണക്കെട്ടിന് സമീപം ഉണ്ടായിരുന്നു. താമസിയാതെ പോലീസ് ചന്ദ്രകലയെയും യോഗേഷിനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരും കുറ്റം സമ്മതിച്ചു.
'ഭാര്യയ്ക്ക് യോഗേഷുമായുള്ള ബന്ധം ലോകേഷ് കണ്ടെത്തിയിരുന്നു. എല്ലാം പുറത്തറിയുമെന്നും അപമാനിതരാവുമെന്നും ഭയന്ന് ചന്ദ്രകലയും യോഗേഷും ചേർന്ന് അദ്ദേഹത്തെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ജൂൺ 23-ന്, ലോകേഷ് സൊങ്കടക്കട്ടയിലെ കോഴിക്കടയിൽനിന്ന് പോയ ശേഷം ചന്ദ്രകല യോഗേഷിനെ വിവരമറിയിച്ചു. ഒരാഴ്ച മുമ്പ് മാത്രം വാങ്ങിയ കറുത്ത കാറിൽ മറ്റ് മൂന്ന് കൂട്ടാളികളോടൊപ്പം അവർ ലോകേഷിനെ പിന്തുടരുകയും അണക്കെട്ടിന് സമീപം വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നിൽ ഇടിക്കുകയും ചെയ്തു. കേടുപാടുകൾ പരിശോധിക്കാൻ ലോകേഷ് പുറത്തിറങ്ങിയപ്പോൾ, അദ്ദേഹത്തെ ആക്രമിച്ച് ബലമായി കാറിലേക്ക് കയറ്റി. വിഷം വായിലേക്ക് ഒഴിച്ചു. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ, അവർ മൃതദേഹം കാറിൽ നിന്നിറക്കി വാഹനത്തിൽനിന്ന് കുറച്ചടി ദൂരെയായി കിടത്തി. രക്ഷപ്പെടുന്നതിന് മുമ്പ്, അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഒഴിഞ്ഞ വിഷക്കുപ്പി മൃതദേഹത്തിനരികിൽ വെച്ചു.' പോലീസ് പറഞ്ഞു.
വിഷം ബലമായി വായിലേക്ക് ഒഴിച്ചപ്പോൾ കുപ്പിയുടെ അടപ്പ് കാറിനടുത്തേക്ക് വലിച്ചെറിഞ്ഞതിനാൽ അത് മൃതദേഹത്തിനരികിൽ കണ്ടെത്താനായില്ല. മൃതദേഹം മാറ്റുന്നതിനിടെ ഊരിപ്പോയ ഒരു ചെരുപ്പ് എടുക്കാൻ അവർ മറന്നുപോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ചന്ദ്രകലയ്ക്കും യോഗേഷിനും പുറമെ, കൊലപാതകത്തിൽ പങ്കാളികളായ ശാന്തരാജു, സി. ആനന്ദ് എന്ന സൂര്യ, ജി. ശിവ എന്ന ശിവലിംഗ, ആർ. ചന്ദൻ കുമാർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.