ന്യൂഡൽഹി: ഭാവിയിലെ വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ സർവായുധ സജ്ജരായി കരുത്തു വർധിപ്പിക്കുകയാണ് ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി 'രുദ്ര' എന്ന പേരിൽ ഒരു ഓൾ-ആംസ് ബ്രിഗേഡും ഭൈരവ് എന്ന പേരിൽ സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളും രൂപീകരിച്ചതായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രഖ്യാപിച്ചു. കാർഗിൽ യുദ്ധവിജയത്തിന്റെ വാർഷികാഘോഷ ചടങ്ങുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ, സൈന്യത്തിന് ഓരോ സായുധ വിഭാഗത്തിനും പ്രത്യേക ബ്രിഗേഡുകളാണുണ്ടായിരുന്നത്. എന്നാൽ രുദ്ര വിവിധ സേനാവിഭാഗങ്ങളുടെ, സർവായുധസജ്ജരായ ഒരു സംയുക്ത സംവിധാനമാവും. രണ്ട് ഇൻഫൻട്രി ബ്രിഗേഡുകളെ ഇതിനകം രുദ്ര ബ്രിഗേഡുകളാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവ നിലവിൽ വന്നത്.
"ഇന്ത്യൻ സൈന്യം നിലവിലെ വെല്ലുവിളികളെ വിജയകരമായി നേരിടുക മാത്രമല്ല, ആധുനികവും ഭാവിയെ ലക്ഷ്യംവെച്ചുള്ളതുമായ ഒരു സേനയായി മുന്നേറുകയുമാണ്. ഇതിൻ്റെ ഭാഗമായി, 'രുദ്ര' എന്ന് പേരിട്ട പുതിയ ഓൾ-ആംസ് ബ്രിഗേഡുകൾക്ക് അംഗീകാരം നൽകി. ഇൻഫൻട്രി, മെക്കനൈസ്ഡ് ഇൻഫൻട്രി, കവചിത യൂണിറ്റുകൾ, പീരങ്കിപ്പട, പ്രത്യേകസേന, ആളില്ലാ വിമാന സംവിധാനങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം രുദ്രയുടെ ഭാഗമാകും." അദ്ദേഹം പറഞ്ഞു.
"അതിർത്തിയിൽ ശത്രുവിനെ ചെറുക്കുന്നതിന് 'ഭൈരവ്' ലൈറ്റ് കമാൻഡോ ബറ്റാലിയനുകൾ എന്ന പേരിൽ പ്രത്യേക ലൈറ്റ് കമാൻഡോ ബറ്റാലിയനുകളും രൂപീകരിച്ചിട്ടുണ്ട്. ഓരോ ഇൻഫൻട്രി ബറ്റാലിയനിലും ഇപ്പോൾ ഡ്രോൺ പ്ലറ്റൂണുകൾ ഉണ്ട്. ദിവ്യാസ്ത്ര ബറ്റാലിയനും ലോയിറ്റർ മ്യൂണിഷൻ ബറ്റാലിയനും വഴി പീരങ്കിപ്പടയുടെ ആക്രമണശേഷി പലമടങ്ങ് വർദ്ധിപ്പിച്ചു. കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗത്തെ തദ്ദേശീയ മിസൈൽ സംവിധാനങ്ങൾ കൊണ്ട് സജ്ജമാക്കുകയാണ്. ഇത് നമ്മുടെ സേനാബലം പലമടങ്ങ് വർദ്ധിപ്പിക്കും."
"പഹൽഗാം ഭീകരാക്രമണം രാഷ്ട്രത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു. ഇന്ത്യൻ സൈന്യം കൃത്യവും നിർണായകവുമായ തിരിച്ചടി നൽകി. ഒരു നിരപരാധിയെപ്പോലും ഉപദ്രവിക്കാതെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടു. ഇതൊരു വെറും പ്രതികരണം മാത്രമായിരുന്നില്ല, ഭീകരവാദത്തിന് താവളമൊരുക്കുന്നവർക്ക് ഇനി രക്ഷപ്പെടാനാവില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു."-അദ്ദേഹം പറഞ്ഞു.
"ഒരു ഡ്രോണിനും മിസൈലിനും ഭേദിക്കാനാവാത്ത കരസേനയുടെ വ്യോമ പ്രതിരോധം അഭേദ്യമായ ഒരു മതിലായി നിലകൊണ്ടു. കരസേന, വ്യോമസേന, നാവികസേന, മറ്റ് സർക്കാർ ഏജൻസികൾ എന്നിവയെല്ലാം ഒറ്റക്കെട്ടായി നിന്ന 'രാഷ്ട്രം ഒറ്റക്കെട്ട്' (Whole-of-Nation Approach) എന്ന സമീപനത്തിലൂടെയാണ് ഇത് സാധ്യമായത്. ഇന്ത്യയുടെ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ജനങ്ങൾക്കോ ഹാനിവരുത്താൻ പദ്ധതിയിടുന്ന ഏതൊരു ശക്തിക്കും തക്കതായ മറുപടി നൽകിയിട്ടുണ്ട്, ഇനിയും നൽകും"-കരസേനാ മേധാവി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.