യുകെ ; എൻഎച്ച്എസ് ഇംഗ്ലണ്ടിൽ നഴ്സുമാർക്കായി നിർദേശിക്കുന്നത് കേവലം 3.6 ശതമാനത്തിന്റെ ശമ്പള വർധന മാത്രം. റോയൽ കോളജ് ഓഫ് നഴ്സിങ് ഉൾപ്പെടെയുള്ള യൂണിയനുകൾ കൺസൾട്ടേഷൻ പ്രോസസിനായി വച്ചിരിക്കുന്ന ഈ നിർദേശം നഴ്സുമാർ തള്ളിയാൽ ഡോക്ടർമാർക്കു പിന്നാലെ നഴ്സുമാരും ശമ്പള വർധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ടാകും.
ഡോക്ടർമാർ, ടീച്ചർമാർ, പ്രിസർ ഓഫിസർമാർ, സായുധസേനാംഗങ്ങൾ എന്നിവർക്കെല്ലാം നൽകിയ ശമ്പള വർധനപോലും നഴ്സുമാർക്കു നൽകാതെ, തികച്ചും അപഹാസ്യമായ നിർദേശമാണ് നഴ്സുമാർക്കായി സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്തയാഴ്ചയാണ് കൺസൾട്ടേഷൻ പ്രോസസിന്റെ ഫലം പുറത്തുവരിക. മഹാഭൂരിപക്ഷത്തോടെ സർക്കാർ നിർദേശം തള്ളുന്ന ഫലമാകും ഉണ്ടാകുക എന്ന് ഉറപ്പാണ്. ഇത് ആരോഗ്യമേഖലയിൽ വീണ്ടും നഴ്സുമാരുടെ സമരത്തിന് വഴിവയ്ക്കും.
ഇതിനോടകം തന്നെ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് ശമ്പള വർധനകൾ നടപ്പാക്കി കഴിഞ്ഞെന്നും അതിനാൽ പുതിയ നിർദേശം അംഗീകരിക്കാൻ യൂണിയനുകൾ തയാറാകണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്. മേയ് മാസത്തിലാണ് 3.6 ശതമാനം വർധന എന്ന പേ റിവ്യൂ ബോഡിയുടെ നിർദേശം സർക്കാർ അംഗീകരിച്ചത്. അന്നുതന്നെ ഇതിനെ പരസ്യമായി എതിർത്ത യൂണിയൻ നിയമപരമായ ബാധ്യത എന്ന നിലയിലാണ് സർക്കാർ നിദേശത്തെ കൺസൾട്ടേഷൻ പ്രോസസിന് വിധേയമാക്കുന്നത്. 50 ശതമാനത്തിലധികം അംഗങ്ങൾ നിർദേശത്തെ എതിർത്താൽ സമരം ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് യൂണിയന് കടക്കാനാകും.
സമരത്തിനു മുൻപേ ചർച്ചകളിലൂടെ പരിഹാരം കാണാനാകും ആദ്യ ശ്രമങ്ങൾ. ആംബുലൻസ് ക്രൂ ഉൾപ്പെടെയുള്ള മറ്റു ഹെൽത്ത് വർക്കേഴ്സിനെ പ്രതിനീധികരിക്കുന്ന ജി.എം.പി യൂണിയൻ കഴിഞ്ഞയാഴ്ച തന്നെ 3.6 ശതമാനം എന്ന ശമ്പളവർധനാ നിർദേശം ബാലറ്റിലൂടെ തള്ളിയിരുന്നു. 67 ശതമാനം ജീവനക്കാരും ഈ നിർദേശം അപര്യാപ്തമാണെന്ന നിലപാടാണ് എടുത്തത്. ശമ്പളപ്രശ്നം പരിഹരിക്കാൻ അടിയന്തര ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് അവർ ആരോഗ്യ സെക്രട്ടറിക്കത് രേഖാമൂലം കത്തും നൽകി.
ഇതിനിടെ ശമ്പള വർധനയ്ക്കായുള്ള ഡോക്ടർമാരുടെ അഞ്ചുദിവസത്തെ തുടർച്ചയായ വാക്കൗട്ട് സമരം ശക്തമായി തുടരുകയാണ് ജൂനിയർ ഡോക്ടർമാർ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടർമാരാണ് വാക്കൗട്ട് സമരം നടത്തുന്നത്. പ്രശ്നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് മുൻ നിശ്ചയപ്രകാരം സമരത്തിന് ഡോക്ടർമാർ തീരുമാനമെടുത്തത്.
വെള്ളിയാഴ്ച ആരംഭിച്ച സമരം ബുധനാഴ്ച രാവിലെയാണ് അവസാനിക്കുക. സമരം മൂലം രോഗികൾക്ക് ബുദ്ധുമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റീജനൽ മെഡിക്കൽ ഡയറക്ടർമാർ ഉൾപ്പെടെയള്ളവരുടെ വിശദീകരണം. നഴ്സ് പ്രാക്ടീഷണർമാർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തുന്നുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച അപ്പോയ്ന്റ്മെന്റുകൾ പലതും മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. ജിപികളുടെ പ്രവർത്തനവും മുടക്കിമില്ലാതെ നടക്കുന്നു എന്നാണ് സർക്കാർ വിശദീകരണം.
2023-24 കാലയളവിൽ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടർമാർ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വർധന സ്വന്തമാക്കിയത്. ഈ സമരങ്ങൾ എൻ.എച്ച്.എസിൽ സൃഷ്ടിച്ച പ്രതിസന്ധി തൽക്കാലം മാറിവരുന്നതിനിടെയാണ് വീണ്ടും ഡോക്ടർമാരുടെ സമര കാഹളം. 2024ൽ 22 ശതമാനം ശമ്പള വർധനയാണ് ഡോക്ടർമാർക്ക് ലഭിച്ചത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ഡോക്ടർമാരുടെ നിലവിലെ ശമ്പളം സീനിയോരിറ്റിയും ഗ്രേഡും അനുസരിച്ച് 37,000 പൗണ്ട് മുതൽ 70,000 പൗണ്ട് വരെയാണ്. ഇതിനു പുറമെ ഈവർഷം ഓഗസ്റ്റ് മുതൽ 5.4 ശതമാനം വർധന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇത് അപര്യാപ്തമാണെന്നും കൂടുതൽ വർധന വേണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. കഴിഞ്ഞവർത്തെ 22 ശതമാനം വർധനയും ഈ വർഷം പ്രഖ്യാപിച്ചിട്ടുള്ള 5.4 ശതമാനം വർധനയും ചേർത്താലും 2008ലെ ശമ്പളമൂല്യം നിലവിൽ ഡോക്ടർമാർക്ക് ഇല്ലെന്നാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷന്റെ നിലപാട്.
ഇതാണ് അസോസിയേഷനെ സമരത്തിലേക്ക് നയിക്കുന്ന ന്യായം. എന്നാൽ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷന്റെ നിലപാട് ന്യായീകരണം ഇല്ലാത്തതാണെന്നും സമരം അനാവശ്യമാണെന്നുമാണ് സർക്കാർ നിലപാട്. സമരത്തെ എല്ലാ സംവിധാനങ്ങളോടെയും നേരിടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.