ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം ശക്തമാക്കവേ, പാകിസ്താനുമായി വെടിനിർത്തൽ ഉണ്ടായതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് രാജ്യസഭയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് പാകിസ്താൻ ആക്രമണം നടത്തി. തിരിച്ചടിയായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി.ഇതിനുശേഷം, പാകിസ്താൻ ഇപ്പോൾ യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയ്ക്ക് ഫോൺ കോളുകൾ വന്നു തുടങ്ങിയെന്ന് രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ജയശങ്കർ പറഞ്ഞു.
രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചില്ലെങ്കിലും സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രബന്ധം പുലർത്തിയിരുന്നുവെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും വെടിനിർത്തലിനുള്ള ഏത് അഭ്യർത്ഥനയും ഔദ്യോഗിക സൈനിക മാർഗങ്ങളിലൂടെ വരണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
''പോരാട്ടം നിർത്തണമെങ്കിൽ, അത് പാകിസ്ഥാന്റെ ഡിജിഎംഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) അഭ്യർത്ഥിക്കണമെന്ന് ഞങ്ങൾ അറിയിച്ചു, അതുതന്നെയാണ് സംഭവിച്ചതും.' ജയശങ്കർ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പങ്കുവഹിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ട് ജയശങ്കർ പറഞ്ഞു: ''ഞാൻ വ്യക്തമായി പറയട്ടെ- ഏപ്രിൽ 22-നും ജൂൺ 16-നും ഇടയിൽ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ ഒരു ഫോൺ കോൾ പോലും ഉണ്ടായിട്ടില്ല.'
വ്യാപാര ഭീഷണി ഉപയോഗിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളുടെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും ഓപ്പറേഷൻ സിന്ദൂർ നടത്തി പാകിസ്താന് മറുപടി നൽകിയിട്ടുണ്ടെന്നും അയൽരാജ്യം വീണ്ടും ആക്രമിച്ചാൽ അത് തുടരുമെന്നും ജയ്ശങ്കർ പറഞ്ഞു.
'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല.' പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയതിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കരാർ റദ്ദാക്കിയതിലൂടെ നെഹ്റുവിന്റെ നയങ്ങളിലെ തെറ്റുകൾ മോദി സർക്കാർ തിരുത്തി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒപ്പുവെച്ച കരാർ സമാധാനം വാങ്ങാനല്ല, മറിച്ച് പ്രീണനത്തിന് വേണ്ടിയായിരുന്നു.
മോദി സർക്കാരിന്റെ പരിശ്രമങ്ങൾ കൊണ്ട് മാത്രമാണ് ഭീകരവാദം ഇപ്പോൾ ആഗോള അജണ്ടയിൽ ഇടംപിടിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് നടപടികളിലൂടെ പാകിസ്താന് മേൽ ഇന്ത്യ വലിയ സമ്മർദ്ദം ചെലുത്തിയെന്നും, യുഎൻ രക്ഷാസമിതിയിൽ അംഗമല്ലാതിരുന്നിട്ടും ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയിബയുടെ പ്രോക്‌സി സംഘടനയാണെന്ന് യുഎൻ അംഗീകാരം നേടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.