ബെംഗളൂരു: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വ ഇദയുമായി (എക്യുഐഎസ് -അൽ ക്വയ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനന്റ്) ബന്ധപ്പെട്ട ഭീകര സംഘടനയുടെ പിന്നിലെ പ്രധാനിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്).
ഷമ പർവീൺ എന്ന 30കാരിയാണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. മുഴുവൻ സംഘടനയുടെ ചുമതലയും വഹിച്ചിരുന്നത് ഷമ ആണെന്നും കർണാടകയിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിച്ചിരുന്നത് ഇവരാണെന്നും എടിഎസ് വ്യക്തമാക്കി.ജൂലായ് 23ന് ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നായി 20നും 25നും ഇടയിൽ പ്രായമുള്ള, ഭീകരപ്രവർത്തകർ എന്ന് സംശയിക്കുന്ന നാലുപേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ്.
ചില ഇൻസ്റ്റാഗ്രാം അക്കൗണ്ടുടമകൾ AQIS ന്റെ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ പൗരന്മാർക്കെതിരെ അക്രമത്തിനോ ഭീകരപ്രവർത്തനങ്ങൾക്കോ ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ ഉള്ളടക്കം പങ്കുവെച്ച് മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എടിഎസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അത്തരം അഞ്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവ നടത്തിക്കൊണ്ടിരുന്ന നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ രണ്ട് പേർ ഗുജറാത്ത് സ്വദേശികളാണ്.ഡൽഹി നിവാസിയായ മുഹമ്മദ് ഫായിഖ്, നോയിഡ നിവാസിയായ സീഷാൻ അലി, അർവല്ലി ജില്ലയിലെ മൊദാസ പട്ടണം സ്വദേശിയായ സൈഫുള്ള ഖുറേഷി, അഹമ്മദാബാദ് നിവാസിയായ മുഹമ്മദ് ഫർദീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ AQIS സാഹിത്യം, ശരിയത്ത് സ്ഥാപിക്കാനുള്ള ആഹ്വാനം, വർഗീയ വിദ്വേഷം വളർത്താൻ കഴിവുള്ള മറ്റ് പ്രസ്താവനകൾ എന്നിവ ഉണ്ടായിരുന്നു. AQIS-ൽ ചേരുകയും പിന്നീട് 2019-ൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുകയും ചെയ്ത ഇന്ത്യക്കാരനായ അസിം ഉമറിന്റെ വീഡിയോ പങ്കുവച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഖിലാഫത്ത് അല്ലെങ്കിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ മറവിൽ യുവാക്കളെ തീവ്രവാദവൽക്കരിക്കുക, വർഗീയ സംഘർഷം സൃഷ്ടിക്കുക, വിഘടനവാദ, ഭീകര അജണ്ടകൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു AQIS-മായി ബന്ധപ്പെട്ട നാല് പേരുടെയും പ്രവർത്തനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.