ഭോപ്പാൽ: പാമ്പുകളെ പിടിച്ച് സുരക്ഷിതമായി കാട്ടിലേക്ക് വിട്ട് ഒരു ദശാബ്‍ദത്തോളം സേവനം ചെയ്ത ഒരാൾക്ക് ഒടുവിൽ പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മധ്യപ്രദേശിലെ റാഗോഗഡിലെ കാട്രാ മൊഹല്ല നിവാസിയായ ദീപക് മഹാബർ (42) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീടുകളിലോ കടകളിലോ ജനവാസ മേഖലകളിലോ പാമ്പ് കയറിയെന്നുള്ള നൂറുകണക്കിന് ഫോൺ വിളികൾ വർഷങ്ങളായി ദീപക് മഹാബർക്ക് ലഭിച്ചിട്ടുണ്ട്. പതിവ് പോലെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് റാഗോഗഡിലെ ബർബത്പുരയിലെ ഒരു വീട്ടിൽ പാമ്പ് കയറിയെന്ന വിവരം അദ്ദേഹത്തിന് ലഭിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ അദ്ദേഹം പാമ്പിനെ പിടികൂടി.
എന്നാൽ, മകന്‍റെ സ്കൂൾ വിടുന്ന സമയം ആയെന്ന് അപ്പോഴാണ് അദ്ദേഹം ഓർത്തത്. പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ മകനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടു. പാമ്പിനെ കഴുത്തിൽ ചുറ്റി വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ അത് അദ്ദേഹത്തിന്റെ കയ്യിൽ കടിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ദീപക് മഹാബർ ഒരു പ്രാദേശിക ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ ഇരിക്കുന്ന ദീപക് മഹാബറിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മരണപരമായ കടിയേൽക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണിവ. കടിയേറ്റതിന് ശേഷം ദീപക് ഒരു സുഹൃത്തിനെ സഹായത്തിനായി വിളിച്ചു. അദ്ദേഹത്തെ ആദ്യം റാഗോഗഡിലെ പ്രാദേശിക ആശുപത്രിയിലേക്കും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ഗുണയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
വൈകുന്നേരത്തോടെ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടതായി തോന്നി. തുടർന്ന് വീട്ടിലേക്ക് മടങ്ങി.
എന്നാൽ, രാത്രിയോടെ ദീപക് മഹാബറിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ജെപി യൂണിവേഴ്സിറ്റിയിൽ പാമ്പുപിടുത്തക്കാരനായി ജോലി ചെയ്തിരുന്ന ദീപക്, പാമ്പുകളുമായി ബന്ധപ്പെട്ടുള്ള സഹായത്തിനായി ആളുകൾ വിളിക്കുമ്പോൾ ഒരു പ്രതിഫലവും വാങ്ങാതെ ഓടിയെത്തുന്ന വ്യക്തിയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.