തിരുവനന്തപുരം : ഈ വർഷത്തെ നാവികസേനാ ദിനാഘോഷത്തിനു തിരുവനന്തപുരം വേദിയാക്കുന്നതു സേനയുടെ സജീവ പരിഗണനയിൽ. ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരിക്കും മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്താനാണു സാധ്യത. തിരുവനന്തപുരത്തിനു നറുക്കുവീണാൽ നഗരം ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിപാടിയായിരിക്കുമത്.
തിരുവനന്തപുരത്തെ ബീച്ചുകളിലൊന്നായിരിക്കും ആഘോഷത്തിന്റെ മുഖ്യവേദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും ഇവിടെയെത്തും. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും. തിരുവനന്തപുരം വേദിയാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സേനാ പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെത്തി.സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മറ്റു നഗരങ്ങളിലുള്ളവർക്കു നാവികസേനയുടെ സന്നാഹങ്ങൾ നേരിൽ കാണാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വിശാഖപട്ടണം (2022), മഹാരാഷ്ട്രയിലെ സിന്ധുദുർഗ് (2023), ഒഡീഷയിലെ പുരി (2024) എന്നിവിടങ്ങളിലായിരുന്നു മുൻവർഷങ്ങളിലെ സേനാ ദിനാഘോഷം. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു സേനാദിനം ആഘോഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.