പനമരം: നെല്ലിയമ്പത്തെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടാനക്കൂട്ടം. വ്യാഴാഴ്ച രാത്രിയിലെത്തിയ നാല് കാട്ടാനകളാണ് പനമരം, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പരിധികളിലെ നെല്ലിയമ്പത്തും പരിസര പ്രദേശങ്ങളിലും ഭീതിപരത്തിയത്. വനപാലകരെത്തി ആനകളെ തുരത്താൻ തീവ്രശ്രമം നടത്തിയിട്ടും കാടുകയറാൻ കൂട്ടാക്കാതെ സ്വകാര്യ കാപ്പിത്തോട്ടങ്ങളിൽ നിലയുറപ്പിച്ചത് വെല്ലുവിളിയായി.
പുല്പള്ളി ഫോറസ്റ്റ് സെക്‌ഷനിലെ പാതിരി വനത്തിൽനിന്ന് മൂന്നു പ്രധാന റോഡുകളും താണ്ടി വ്യാഴാഴ്ച താഴെ നെല്ലിയമ്പത്ത് എത്തിയ കാട്ടാനക്കൂട്ടങ്ങളിൽ ഒരു കൊമ്പൻ വെള്ളിയാഴ്ച രാവിലെ ചെമ്പോട്ടിക്കുന്ന് വഴി കാടുകയറിയിരുന്നു. എന്നാൽ ശേഷിക്കുന്ന മൂന്ന് ആനകൾ നെല്ലിയമ്പം, താഴെ നെല്ലിയമ്പം, ചോയിക്കൊല്ലി, ചെമ്പോട്ടി ഭാഗങ്ങളിൽ റോഡിലൂടെയും വീടുകൾക്ക് സമീപത്തൂടെയും സഞ്ചരിച്ച് പരിഭ്രാന്തി പരത്തി.
രാവിലെത്തന്നെ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നികേഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി ആനകളെ തുരത്താൻ ശ്രമം തുടങ്ങിയിരുന്നു. ഉച്ചയോടെ പനമരം- നെല്ലിയമ്പം റോഡും കടന്ന കാട്ടാനക്കൂട്ടം ചെമ്പോട്ടിയിലെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ കാപ്പിത്തോട്ടത്തിൽ മണിക്കൂറുകളോളം നിലകൊണ്ടു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും തുരത്താൻ തീവ്രശ്രമം തുടർന്നു. എന്നാൽ ആനയിറങ്ങിയതറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയത് തുരത്തലിനെ പ്രതികൂലമാക്കി.
ജാഗ്രതയുടെ ഭാഗമായി പനമരം ഗ്രാമപ്പഞ്ചായത്ത് അധികൃതർ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളോടും മറ്റും പണിനിർത്തി മടങ്ങാൻ നിർദേശിച്ചു. ആനകൾ വരാൻ സാധ്യതയുള്ള മാത്തൂർ, പുഞ്ചവയൽ, അമ്മാനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ അനൗൺസ്‌മെന്റും നടത്തി.ഒടുവിൽ വൈകീട്ട് നാല് മണിയോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.
വെള്ളിയാഴ്ച പുലർച്ചെ 6.45-ഓടെ കൃഷിയിടത്തിലെത്തിയ കർഷകനായ ചെമ്പോട്ടിക്കുന്നിലെ കുതിരേടത്ത് ചോലയിൽ മുഹമ്മദ് കുട്ടി കൊമ്പനാനയുടെ മുൻപിൽപ്പെട്ടു. ആന പാഞ്ഞടുത്തെങ്കിലും മുഹമ്മദ് പ്രാണനും കൊണ്ടോടി തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. ഓടുന്നതിനിടെ കാലിന് ചെറിയ മുറിവേൽക്കുകയും ചെയ്തു.
ഒരാഴ്ചയായി വനാതിർത്തി ഗ്രാമമായ അമ്മാനി, പുഞ്ചവയൽ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.