കൊച്ചി: അടക്കിപ്പിടിച്ച കണ്ണീര് അണപൊട്ടിയൊഴുകി... വേദനയിലലിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം. ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സുജ വിമാനത്താവളത്തിന് പുറത്തെത്തി. ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവരും തേങ്ങി. സഹോദരിയുടെ തോളിൽ തൂങ്ങി കാറിലേക്ക് കയറുമ്പോൾ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. തിരിച്ചുവരവിൽ സന്തോഷത്തോടെ വിമാനമിറങ്ങി മക്കളെ കെട്ടിപ്പിടിച്ച് മുത്തംനൽകേണ്ടിയിരുന്ന അമ്മ തകർന്ന മനസുമായാണ് നാട്ടിലെത്തിയത്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാശ്ലേഷിക്കാൻ മിഥുൻ ഇല്ല. മോർച്ചറിയിൽ തണുത്തുവിറച്ച് അവൻ അമ്മയേയും കാത്തു കിടപ്പുണ്ട്, അന്ത്യചുംബനത്തിനായി.
കഷ്ടപ്പാടുതീർക്കാൻ കുവൈത്തിലേക്ക് വിമാനം കയറുമ്പോൾ ആ അമ്മയുടെ പ്രതീക്ഷ തന്റെ മക്കളിലായിരുന്നു. അമ്മയും അച്ഛനും അനുജനും ചേർന്നുള്ള കുഞ്ഞു കുടുംബം, സ്നേഹം തുടിക്കുന്ന അക്ഷരങ്ങളാൽ പൊട്ടിപ്പൊളിഞ്ഞ ചുവരിൽ കുറിച്ചിട്ടിട്ടുണ്ട്. പാതിവരച്ച ചിത്രങ്ങൾക്ക് നിറംപകരാൻ ഇനി അവൻ വരില്ല. എല്ലാ പ്രതീക്ഷകളും രാവെളുക്കും മുമ്പ് ഇല്ലാതായി.
ചെങ്കല്ല് തെളിഞ്ഞ് തകർച്ചയുടെ വക്കിലെത്തിയ വീടും ഏഴു സെന്റ് സ്ഥലവും ജപ്തി നടപടിയിലേക്ക് കടക്കുകയും മൈക്രോ ഫിനാൻസ് വഴിയെടുത്ത കടം പെരുകുകയും ചെയ്തപ്പോഴാണ് സുജ അതിജീവനത്തിനായി കടൽ കടന്നത്. കുവൈത്തിൽ അറബി കുടുംബത്തിൽ വീട്ടുജോലിക്കായി സുജ പോയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. തുർക്കിയിലേക്ക് വിനോദയാത്രപോയ ആ കുടുംബത്തിനൊപ്പം സുജയെയും കൂട്ടിയതിനാൽ മകന്റെ മരണവിവരം അറിയിക്കാൻ വൈകി.
വ്യാഴാഴ്ച രാത്രി വീഡിയോ കോൾ വഴിയാണ് അറിയിച്ചത്. ‘മോനേ... ചേട്ടനെന്തു പറ്റിയെടാ...’-നെഞ്ചുപൊട്ടിക്കൊണ്ടാണവർ ഇളയമകൻ സുജിനോട് വിവരം തിരക്കിയത്. പിന്നെ കൂട്ടക്കരച്ചിലായിരുന്നു.തുർക്കിയിൽനിന്ന് ഉടൻ കുവൈത്തിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കാനുള്ള ക്രമീകരണം ചെയ്യാമെന്ന് അറബി കുടുംബം അറിയിക്കുകയായിരുന്നു. ഇതുപ്രകാരമാണ് സംസ്കാരത്തിനുള്ള ക്രമീകരണം നടന്നത്.
രാവിലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ സുജയെ കൂട്ടിക്കൊണ്ടുപോകാൻ സുജയുടെ സഹോദരിയും ഇളമകൻ സുജിനുമാണ് ഉണ്ടായിരുന്നത്. 9.50 വിമാനത്താവളത്തിൽനിന്ന് സുജയെ കൂട്ടി അവർ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച പത്തുമണിക്കുശേഷം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. 12-ന് വീട്ടിലെത്തിക്കും. വൈകീട്ട് നാലിനാണ് സംസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.