പത്തനംതിട്ട: എഡിജിപി എം.ആര്. അജിത്കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജിത്കുമാറിനൊപ്പം രണ്ട് പേഴ്സണല്‍ സ്റ്റാഫുകളും ട്രാക്ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അജിത്കുമാര്‍ ശബരിമലയിലെത്തിയത്. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പയില്‍നിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമായിരുന്നു. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്.
പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും 12 വർഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍ പമ്പ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ട്രാക്ടര്‍യാത്രയില്‍ പോലീസ് വിശദ പരിശോധന നടത്തണമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും നിയമലംഘനം ഗൗരവമുള്ളതാണെന്നാണ് അധികൃതരുടെ പൊതുനിലപാട്. ഒഴിവാക്കേണ്ടതായിരുന്നു ഈ യാത്ര. ട്രാക്ടറിലെ യാത്ര ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. എഡിജിപി നിയമലംഘനം നടത്തിയ സംഭവത്തില്‍ ദേവസ്വത്തെ ഹൈക്കോടതി കക്ഷിചേര്‍ത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ല. അടുത്ത തിങ്കളാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് എഡിജിപി ട്രാക്ടറില്‍ സന്നിധാനത്തേക്കും തിരിച്ച് പമ്പയിലേക്കും യാത്ര ചെയ്തത്. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.