ബെംഗളൂരു : ഗോകർണത്തെ ഗുഹയിൽനിന്നു കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുതെന്ന് കർണാടക ഹൈക്കോടതി.
റഷ്യൻ യുവതിയായ നിന കുട്ടിന(40)യ്ക്കു വേണ്ടി ഹാജരായ അഭിഭാഷക ബീന പിള്ള, ഐക്യരാഷ്ട്ര സംഘടനയുടെ കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് (യുഎൻസിആർസി) നിയമം അനുസരിച്ചു കുട്ടികളുടെ ക്ഷേമം പരിഗണിക്കണമെന്ന് കോടതിയിൽ വാദിച്ചു.
കുട്ടികളെ ബാധിക്കുന്ന വിഷയത്തിൽ അവരുടെ ക്ഷേമത്തിനു തന്നെയാണു പ്രാധാന്യം നൽകേണ്ടതെന്നാണ് യുഎൻ കൺവെൻഷന്റെ ആർട്ടിക്കിൾ 3 ചൂണ്ടിക്കാട്ടുന്നതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഇതുപ്രകാരമാണ് കുട്ടികളുടെ ക്ഷേമം മുൻനിർത്തി നാടുകടത്തൽ പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചത്.
ജസ്റ്റിസ് എസ്.സുനിൽ ദത്ത് യാദവ് ആണ് ഹർജി പരിഗണിച്ചത്. നിനയുടെ പെൺമക്കളായ പ്രേമ (6), അമ (4) എന്നിവരുടെ പേരിലാണ് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടികൾക്കു നിലവിൽ യാത്രാ രേഖകൾ ഒന്നുമില്ലെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. ഈ ഘട്ടത്തിൽ ഉടനടി നാടുകടത്തപ്പെടുമെന്ന ഭീതി വേണ്ടെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണമെന്നും കോടതിയെ അറിയിക്കാതെ നാടുകടത്തൽ നടപ്പാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഹർജി ഇനി ഓഗസ്റ്റ് 18ന് പരിഗണിക്കും.
ഗുഹയിൽനിന്ന് കണ്ടെത്തിയത് ജൂലൈ 9ന് നിനയെയും രണ്ടു പെൺകുട്ടികളെയും ജൂലൈ 9നാണ് ഗോകർണത്തിനു സമീപമുള്ള വനത്തിൽനിന്ന് കണ്ടെത്തിയത്. 2016ൽ ബിസിനസ് വീസയിലാണ് ഇവർ ഇന്ത്യയിൽ വന്നത്. ഗോവയിലെയും ഗോകർണത്തെയും വിനോദസഞ്ചാര, റസ്റ്ററന്റ് മേഖലകളിലാണ് ഇവർ ആദ്യം എത്തിയത്. പിന്നീട് 2017ൽ വീസ കാലാവധി അവസാനിച്ചപ്പോൾ ഇന്ത്യയില്‍ത്തന്നെ തങ്ങാനാണ് ശ്രമിച്ചത്. 2018ൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചെങ്കിലും നേപ്പാളിലേക്കു പോയ അവർ തിരിച്ച് ഇന്ത്യയിലെത്തി.
പിന്നീട് കർണാടകത്തിലെ വനമേഖലകളിലേക്ക് അപ്രത്യക്ഷയായി. തിരിച്ചറിയപ്പെടുമെന്ന തോന്നലിലാണ് ഹോട്ടലുകളിലെ താമസം ഒഴിവാക്കി വനത്തിലെ താമസം തിരഞ്ഞെടുത്തതെന്നും പൊലീസ് പറഞ്ഞു. ഇസ്രയേലി വ്യവസായിയായ ഡ്രോർ ഗോൾഡ്സ്റ്റീൻ ആണ് പിതാവെന്ന് നിന കൗൺസിലർമാർ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു. ബിസിനസ് വീസയിൽ ഇയാൾ ഇന്ത്യയിൽ ഉണ്ടെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ കസ്റ്റഡിയിൽ അവകാശം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.