മുംബൈ;ഗാസയിലെ വംശഹത്യയ്‌ക്കെതിരെ റാലി നടത്താൻ അനുമതി തേടിയുള്ള സിപിഎം ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ആസാദ് മൈതാനിയിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകാത്ത മുംബൈ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ , ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.നമ്മുടെ രാജ്യത്തിന് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നങ്ങൾ നോക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ നോക്കാനും അതുവഴി ദേശസ്‌നേഹികളാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു.മാലിന്യ നിക്ഷേപം, മലിനീകരണം, ഡ്രെയിനേജ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾ പാർട്ടി ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.രാജ്യത്തിന്റെ വിദേശനയം പാർട്ടി സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത്തരം പ്രതിഷേധങ്ങളുടെ നയതന്ത്ര പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പും നൽകി.
ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ ഓൾ ഇന്ത്യ സോളിഡാരിറ്റി ഓർഗനൈസേഷൻ സമർപ്പിച്ച അപേക്ഷ ജൂൺ 17 ന് മുംബൈ പോലീസ് നിരസിച്ചിരുന്നു.ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് സിപിഎം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രതിഷേധം ഇന്ത്യയുടെ വിദേശ നയത്തിനെതിരാണെന്നും ക്രസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചതെന്ന് സിപിഎമ്മിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി വാദിച്ചു.
പ്രതിഷേധം വിദേശനയത്തിന് എതിരാണെങ്കിലും ഒരു നിശ്ചിത സ്ഥലത്ത് പ്രകടനം നടത്താൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും, ക്രമസമാധാന പ്രശ്‌നത്തിനുള്ള സാധ്യത ആ അവകാശം നിഷേധിക്കാൻ ഒരു കാരണമായി ഉപയോഗിക്കാനാവില്ലെന്നും നിരവധി സുപ്രീം കോടതി വിധിന്യായങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
പ്രതിഷേധത്തിനെതിരെ വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പ് പൊലീസിന് ലഭിച്ചിരുന്നെന്നും അനുമതി നൽകിയാൽ ക്രമസമാധാനം ഉണ്ടാകുമായിരുന്നെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മുംബൈ പോലീസിന് മുമ്പാകെപ്രതിഷേധത്തിനുള്ള അനുമതി തേടിയത് സിപിഎം അല്ലാത്തതിനാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം പാർട്ടിക്കില്ലെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.