റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവ പുരോഹിതന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഛത്തീസ്ഗഡിലുളളതെന്നും കന്യാസ്ത്രീകളെ പൊതുഇടങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുളളതെന്നും ഫാ. ലിജോ മാത്യു പറഞ്ഞു. ദുര്‍ഗില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിഷേധം കാരണമാണെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് പൊലീസ് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ കയ്യിലുണ്ടായിരുന്ന സമ്മതപത്രം വാങ്ങാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ബജ്റംഗ്ദളിന്റെ ഭീഷണിക്ക് വഴങ്ങി മാതാപിതാക്കള്‍ മൊഴി മാറ്റുമോ എന്ന് ആശങ്കയുണ്ടെന്നും ഫാ. ലിജോ മാത്യു പറഞ്ഞു. 37 വര്‍ഷമായി ഛത്തീസ്ഗഡിലുളള പുരോഹിതനാണ് ലിജോ മാത്യു.
'ജൂലൈ 25-ന് രാവിലെ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ആ റെയില്‍വേ സ്റ്റേഷനിലെത്തി. ഒരാള്‍ ആഗ്രയില്‍ നിന്നും മറ്റൊരാള്‍ ഭോപ്പാലില്‍ നിന്നുമാണ് എത്തിയത്. അവര്‍ നാരായണ്‍പൂരില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കൊണ്ടുപോകാന്‍ വന്നവരായിരുന്നു. ആ മൂന്ന് പെണ്‍കുട്ടികളും നാരായണ്‍പൂരിലുളള സിഎസ്ഐ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടികള്‍ വന്നത് അവരില്‍ ഒരാളുടെ സഹോദരനൊപ്പമായിരുന്നു. അവരുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനകത്ത് ഈ സിസ്റ്റേഴ്സിനെ തിരയുന്നതിനിടെ അവരെ ടിടിഇ പിടിച്ചു. ടിക്കറ്റ് സിസ്റ്റേഴ്സിന്റെ കൈവശമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ബജ്ഖംഗ്ദള് പ്രവര്‍ത്തകരെ വിവരമറിയിച്ചു. മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും സാധ്യതയുണ്ടെന്ന് അവര്‍ ആരോപിച്ചു. ഉടനെ ആളുകള്‍ ഓടിക്കൂടി. ആ പെണ്‍കുട്ടികളെ ചോദ്യം ചെയ്തത് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ്. ഉടന്‍ ഞങ്ങളും സ്ഥലത്തെത്തിയിരുന്നു. പക്ഷെ ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതപത്രം പൊലീസിന് കൊടുത്തു. അവരത് വാങ്ങാന്‍ പോലും തയ്യാറായില്ല. ആ ബഹളം കഴിയുമ്പോള്‍ വിട്ടേക്കാമെന്നാണ് പൊലീസ് പറഞ്ഞത്. ആ പെണ്‍കുട്ടികളെ മൊഴിമാറ്റി പറയാന്‍ വരെ അവര്‍ പ്രേരിപ്പിച്ചു. പെണ്‍കുട്ടികളും ഞങ്ങളും പേടിപ്പിച്ചുപോയി. കേസിന് ഒരു സാധ്യതയുമില്ലാത്ത ഒരിടത്ത് ബജ്റംഗ്ദളിന്റെ നിര്‍ബന്ധപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു'-ഫാ. ലിജോ മാത്യു പറഞ്ഞു.
ഛത്തീസ്ഗഡില്‍ പല സ്ഥലത്തും മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്നും എവിടെ പോയാലും മതപരിവര്‍ത്തനം എന്ന് മാത്രമേ കേള്ക്കാനുളളുവെന്നും ലിജോ മാത്യു പറഞ്ഞു. 'നേരത്തെ കന്യാസ്ത്രീകളാകാന്‍ വരുന്ന പെണ്‍കുട്ടികളെയും കൊണ്ട് ട്രെയിനില്‍ വരുമ്പോള്‍ പിടിച്ചുനിര്‍ത്തി മതപരിവര്‍ത്തനത്തിന് കൊണ്ടുവരികയാണെന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായിട്ടാണ് ഈ മാറ്റമുണ്ടായത്. അതിനുമുന്‍പ് ഒരു പ്രശ്നവുമില്ലായിരുന്നു. ഇപ്പോള്‍ എവിടെപ്പോകാനും പേടിയുളള സാഹചര്യമായിരിക്കുകയാണ്.'-ലിജോ മാത്യു പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മൊഴി കൊടുത്തിട്ടുണ്ട്. കുട്ടികള്‍ ഇപ്പോള്‍ സിഡബ്ല്യുസിയുടെ കസ്റ്റടിയിലാണ്. അവിടെനിന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ നല്‍കും. മാതാപിതാക്കളെയും കുട്ടികളെയും ബജ്റംഗ്ദള്‍ പേടിപ്പിക്കുന്നുണ്ട്. അവര്‍ മൊഴി മാറ്റിയാല്‍ കേസിനെയും കന്യാസ്ത്രീകളുടെ മോചനത്തെയും അത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.