ജവാദ് മുസ്തഫാവി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ:
"യമനിൽ സുസ്ഥിരമായ ഭരണകൂട സംവിധാനങ്ങളല്ല നിലവിലുള്ളത്. ദക്ഷിണ യമൻ പ്രവിശ്യ റാഷിദ് അൽ അലീമിയുടെയും സാലിം സലാഹ് അബ്ദുല്ലയുടെയും നേതൃത്വത്തിലുള്ള സർക്കാരിന്റെ അധീനതയിലും, ഉത്തര യമൻ പ്രവിശ്യ അഹ്മദ് അൽ റഹാവിയുടെ നേതൃത്വത്തിലുള്ള ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിൻ്റെ കീഴിലുമാണ്. എന്നാൽ, ഈ രണ്ട് വിഭാഗങ്ങൾക്കും സ്വാധീനമില്ലാത്ത, ഗോത്രവർഗക്കാർ ഭരണം കൈയാളുന്ന ഒറ്റപ്പെട്ട പ്രവിശ്യകളും യമനിലുണ്ട്. വളരെ അരക്ഷിതമായ രാഷ്ട്രീയ സാഹചര്യമാണ് അവിടെ നിലവിലുള്ളത്. കാര്യമായ അന്താരാഷ്ട്ര ബന്ധങ്ങളോ വിദേശ നയതന്ത്ര സ്ഥാപനങ്ങളോ നിലവിൽ യമനിലില്ല.

ഇതുകൊണ്ടുതന്നെ, നിലവിലെ യമനിലെ കോടതി വ്യവഹാരങ്ങളിൽ ഇന്ത്യൻ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്; ഔദ്യോഗിക നീക്കങ്ങൾ ഏറെക്കുറെ അസാധ്യമാണെന്ന് പറയാം. നിമിഷപ്രിയയുടെ വധശിക്ഷയുടെയും ഇന്ത്യൻ സർക്കാരിന്റെ നിസ്സഹായതയുടെയും വാർത്തകൾ കണ്ടപ്പോൾ, യമനിൽ പഠിക്കുകയും കുറച്ചുകാലം അവിടെ ജീവിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ, ഈ സാഹചര്യത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് മാത്രമേ ഫലപ്രദമായി ഇടപെടാൻ സാധിക്കൂ എന്ന് ഞാൻ ചിന്തിച്ചിരുന്നു. വിവിധ അറബ്-മധ്യേഷ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങളിലും മത-സാമൂഹിക നേതാക്കൾക്കിടയിലും കാന്തപുരം ഉസ്താദിന് വലിയ സ്വാധീനമുണ്ട്. അനൂപ് വി. ആറിനോട് ഈ സാധ്യത പങ്കുവെച്ചപ്പോൾ, അദ്ദേഹം ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദ് മുഖാന്തരമുള്ള ഇടപെടലിന് മുൻകൈയെടുക്കുകയായിരുന്നു.
കാന്തപുരം ഉസ്താദിന്റെ ഇടപെടൽ നിമിഷപ്രിയയുടെ കേസിൽ പ്രതീക്ഷ നൽകുന്ന ഒരു വഴിത്തിരിവായി മാറിയിരിക്കുന്നു. ഈ വിഷയത്തിൽ നടത്താവുന്ന ഏറ്റവും മികച്ചതും പ്രായോഗികവുമായ നീക്കമാണ് ഉസ്താദ് നടത്തിയിട്ടുള്ളത്. കാന്തപുരത്തിൻ്റെ അഭ്യർത്ഥനയെ തുടർന്നുള്ള, യമനി സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളുമായുള്ള മധ്യസ്ഥ ചർച്ചകൾ നിർണ്ണായകമായിരുന്നു. ലോകത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാക്കളിൽ പ്രമുഖനാണ് ശൈഖ് ഹബീബ് ഉമർ. ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും യു.എസ്സിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രിൻസ് അൽ-വലീദ് ബിൻ തലാൽ സെന്ററും ചേർന്ന് പ്രസിദ്ധീകരിക്കുന്ന "The 500 Most Influential Muslims" എന്ന പട്ടികയിൽ അദ്ദേഹത്തിന് പ്രഥമ സ്ഥാനമുണ്ട്. നിരവധി തവണ കേരളം സന്ദർശിച്ച അദ്ദേഹത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയ മലയാളി മതപണ്ഡിതരുമായി അഭേദ്യമായ ബന്ധമുണ്ട്."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.