കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരിമുക്തമാക്കുന്നതിനും അച്ചടക്കം ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കിയ ഉത്തരവുകൾക്കെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾക്ക് സർവകലാശാല ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ ജില്ലാ പോലീസ് മേധാവിക്കും കാലടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും (SHO) കത്ത് നൽകി.
ജൂലൈ ഒന്നിനും എട്ടിനും പുറത്തിറക്കിയ ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുന്നതിനായാണ് സർവകലാശാല അധികൃതർ പോലീസ് സഹായം തേടിയിരിക്കുന്നത്. സർവകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും, രാത്രി 11 മണിക്ക് സർവകലാശാലയുടെയും ഹോസ്റ്റലുകളുടെയും കവാടങ്ങൾ അടയ്ക്കാൻ പോലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാറുടെ കത്തിലെ പ്രധാന ആവശ്യങ്ങൾ.
കാമ്പസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ ഉത്തരവുകളിന്മേൽ വിദ്യാർത്ഥികൾ ഉന്നയിച്ച എല്ലാ ആശങ്കകളും പരിഹരിച്ച ശേഷവും ഒരു വിഭാഗം വിദ്യാർത്ഥികൾ രാത്രികാലങ്ങളിൽ കവാടങ്ങൾ തുറന്നിട്ട് സമരം തുടരുന്നത് ലഹരി മാഫിയക്ക് സഹായകമാകുമെന്നും, ഇത് സർവകലാശാലയെയും വിദ്യാർത്ഥികളെയും തകർക്കാനുള്ള ശ്രമമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കാമ്പസ് സുരക്ഷയുടെ ഭാഗമായി സിൻഡിക്കേറ്റ് ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 നിബന്ധനകളടങ്ങിയ ഉത്തരവ് ജൂലൈ ഒന്നിന് നടപ്പിൽ വരുത്തി. എന്നാൽ, ഈ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ സമരം ആരംഭിച്ചതിനെ തുടർന്ന് അധ്യാപക-അനധ്യാപക-വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും, ഉത്തരവിലെ മൂന്ന് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നിട്ടും സമരം തുടരുന്ന സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം തേടാൻ സർവകലാശാല നിർബന്ധിതമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.