മസ്കത്ത്: ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഒമാൻ സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ്. ഇനി മുതൽ ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസൻസുകൾ പുതുക്കി നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഒമാൻ സ്വദേശികളെ മാത്രമേ ഇനി ഫാർമസികളിൽ ജോലിക്ക് ആയി നിയോഗിക്കാൻ കഴിയൂ. ഫാർമസി മേഖലകളിൽ സഹായികളായി തൊഴിലെടുത്തിരുന്ന പ്രവാസികൾക്ക് പോലും പുതിയ ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടില്ല. ഇതോടെ ലൈസൻസ് കാലാവധി അവസാനിക്കുന്നതനുസരിച്ച് പ്രവാസികൾ മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകേണ്ട സാഹചര്യമാണ് ഉള്ളത്.
ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെടുന്ന സർക്കുലർ (167/2025) ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കി. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി മുതൽ പുതുക്കില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. ഈ നിർദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന നിരവധി മലയാളികൾക്ക് കനത്ത തിരിച്ചടി ആകും. വർഷങ്ങളായി ഒമാനിലെ ഫാർമസി മേഖലകളിൽ പ്രത്യേകിച്ച് ആശുപത്രികളിൽ ജോലി ചെയ്തു വന്നവർ പലരും ആശങ്കയിലാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി മാറാനുള്ള ശ്രമം പലരും ആരംഭിച്ചിട്ടുണ്ട്. പക്ഷെ, ഒമാൻ സർക്കാരിന്റെ തീരുമാനത്തെ സ്വദേശികൾ സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.