തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ തീരുമാനം, അദ്ദേഹം പുലർത്തിയിരുന്ന ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഹിന്ദു ജനസമൂഹത്തിനിടയിൽ ആഴത്തിൽ സ്വാധീനിച്ച ഒന്നായിരുന്നു സി.എച്ചിന്റെ ഈ തീരുമാനമെന്നും ശശി തരൂർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ ഈ നിരീക്ഷണങ്ങൾ.
സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിൽ സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രതന്ത്രജ്ഞത മികച്ചുനിന്നുവെന്ന് തരൂർ പറയുന്നു. ഒരു പ്രമുഖ മുസ്ലിം നേതാവായിരിക്കെത്തന്നെ, സമുദായങ്ങൾക്കിടയിൽ സൗഹാർദവും പരസ്പര ധാരണയും വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മാതൃകാപരമായ പൊതുസമ്മതിയുടെ ശൈലി സ്വീകരിച്ചും മുന്നണിയിലെ ഘടകകക്ഷികളുടെ വ്യത്യസ്ത താൽപ്പര്യങ്ങളെ സമന്വയിപ്പിച്ചും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പൊതുവായ കാഴ്ചപ്പാടോടെ മുന്നോട്ട് പോയി എന്നതായിരുന്നു, ഹ്രസ്വമെങ്കിലും, അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദത്തിന്റെ പ്രത്യേകത എന്നും തരൂർ കൂട്ടിച്ചേർത്തു.
സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയ ശൈലി സഹവർത്തിത്വത്തിന്റെയും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കപ്പുറം പരസ്പര ബഹുമാനവും സംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ 'സി.എച്ച്.എം. കോയ' (C-ക്രിസ്ത്യൻ, H-ഹിന്ദു, M-മുസ്ലിം) എന്ന് വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. വിഭാഗീയമായ വാഗ്വാദങ്ങളുടെയും സ്വത്വ രാഷ്ട്രീയത്തിന്റെയും ഈ കാലത്ത്, കോയാസാഹിബിന്റെ പൈതൃകം നമുക്ക് മറ്റൊരു അനിവാര്യമായ ആഖ്യാനം നൽകുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.
വിവിധ സമുദായങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം സംസ്ഥാനത്തിന്റെ വിശാലമായ താൽപ്പര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, പ്രായോഗികവും അയവുള്ളതുമായ നിലപാട് സ്വീകരിക്കാൻ സി.എച്ചിന് സാധിച്ചു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ മുസ്ലിം സമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹം നേതൃത്വം നൽകിയ സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനം സാമുദായികമായിരുന്നെങ്കിലും വർഗീയമായിരുന്നില്ല. സംസ്ഥാനത്തിന്റെയാകെയും വിവിധ ജനവിഭാഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക താൽപ്പര്യങ്ങളുടെ വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, സാമൂഹിക നീതിയിലധിഷ്ഠിതമായ മുസ്ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണമെന്ന ലീഗിന്റെ പ്രത്യയശാസ്ത്രം മിനുക്കിയെടുക്കാൻ സി.എച്ചിന്റെ നേതൃത്വത്തിന് കഴിഞ്ഞുവെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ഒരാളുടെ സമുദായത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പൊതുവായ കാഴ്ചപ്പാട് രൂപപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെയാകെ താൽപ്പര്യങ്ങൾക്കുവേണ്ടി വീറോടെ പോരാടാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. കേരളം സാമ്പത്തികം, ഉന്നത വിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ, സി.എച്ചിന്റെ ഭരണനിർവഹണ സമീപനം മികച്ച മാതൃകയാണെന്നും ശശി തരൂർ എഴുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.