കൊച്ചി ∙ കാർ മോഷ്ടിച്ചു കടത്തിയെന്ന പേരിൽ പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശികളായ 3 പേർ എത്തിയ കണ്ടെയ്നർ ലോറിയും മോഷണ മുതലാണെന്നും ഇതിലാണ് കാർ കടത്തിയതെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട് കൃഷ്ണഗിരി പൊലീസാണ് ഇക്കാര്യം കേരള പൊലീസിനെ വിവരമറിയിച്ചത്. ബെംഗളുരുവിൽ നിന്നാണ് ലോറി മോഷ്ടിച്ചതെന്നാണ് വിവരം. കൃഷ്ണഗിരിയിൽ നിന്നുള്ള പൊലീസ് സംഘം നാളെ കൊച്ചിയിലെത്തിയേക്കും പനങ്ങാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ മൂന്നാമനെ ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടിയിരുന്നു.
ഊട്ടിയിൽനിന്നു കാർ കടത്തിക്കൊണ്ടു വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പൊലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറിയിൽ പക്ഷേ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്യാസ് കട്ടർ അടക്കം കണ്ടെത്തിയതോടെ മോഷണ സംഘമാണ് പിടിയിലായതെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ മോഷ്ടിച്ച കാർ മറ്റെവിടെയെങ്കിലും ഇറക്കിയിരിക്കാം എന്ന സംശയത്തിൽ ഇവരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ലോറിയും മോഷണ മുതലാണെന്ന് വിവരം കൃഷ്ണഗിരി പൊലീസിൽനിന്നു ലഭിക്കുന്നത്.
കാർ മോഷണം പോയതിൽ ഞായറാഴ്ചയാണ് കൃഷ്ണഗിരി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കാറിനു സമീപം ഒരു കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്നതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലോറിയുടെ ഫാസ്റ്റ് ടാഗ് വിവരങ്ങൾ ലഭിച്ചു. ഈ ലോറി മോഷണം പോയതായി നേരത്തെ തന്നെ പരാതിയുണ്ടെന്നും കേരളത്തിലേക്കാണ് പോയതെന്നും കൃഷ്ണഗിരി പൊലീസ് മനസ്സിലാക്കി. തുടർന്നാണ് കേരള പൊലീസിനെ വിവരം അറിയിച്ചത്. പനങ്ങാട് പൊലീസ്, നെട്ടൂർ വച്ചാണ് ലോറിയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ കാർ കണ്ടെത്താനായിട്ടില്ല. കാർ മോഷ്ടിക്കുന്നതു കണ്ട ചിലർ പിന്തുടർന്നതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.
വൻ കവർച്ച നടത്താൻ തന്നെ ഇവർ ആസൂത്രണം ചെയ്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.വരുന്ന വഴികളിലെ എടിഎമ്മുകൾ മെഷീൻ സഹിതം കവർച്ച ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. കണ്ടെയ്നറിനകത്തു വച്ച് ഇവ പൊളിക്കാനും അവശിഷ്ടങ്ങൾ വഴിയിൽ ഉപേക്ഷിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു എന്നാണ് തമിഴ്നാട് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.