ദുബായ്: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് ഷാര്‍ജയിലെത്തിയ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കള്‍ അറിയിച്ചതായും എന്നാല്‍, രണ്ടുപേരുടെയും മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.
മൃതദേഹം വിദേശത്ത് സംസ്കരിക്കേണ്ട. നാട്ടില്‍ സംസ്കരിക്കണം. ഒന്നുകില്‍ നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്കരിക്കണം. നാട്ടില്‍ നിധീഷിന്റെ വീട്ടില്‍ സംസ്കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന് (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.