തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നീതി വാങ്ങിത്തരുമെന്ന് ജയലളിതയുടെ മകളെന്ന് അവകാശപ്പെടുന്ന മലയാളി യുവതി സുനിത. പുരട്‌ചിത്തലൈവിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിനും സുനിത നിവേദനം നൽകിയിരുന്നു.
'അമ്മയുടെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു മോദിജി. അമ്മ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ആളെ കാണാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ പറ്റിയില്ല. മോദിജി സാർ തന്നെ ഇതിനുമുൻകൈയെടുത്ത് എനിക്ക് നീതി വാങ്ങിത്തരുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇരിക്കുന്നത്. എനിക്ക് പണമൊന്നുമല്ല വേണ്ടത്. അമ്മയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അത് മാത്രമാണ് എനിക്ക് വേണ്ടത്.'- സുനിത പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി തൃശൂരിൽ താമസാക്കിയ കെ എം സുനിത രംഗത്തെത്തിയത്. 41 വയസുള്ള സുനിതയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭർത്താവുമായി അകന്നാണ് കഴിയുന്നതെന്നും അവർ വെളിപ്പെടുത്തി.
ചെന്നൈയിൽ ജനിച്ച തന്നെ, എം ജി ആർ ജോലിക്കാരനായ മാധവൻ വഴി കേരളത്തിലേക്ക് മാറ്റി. ഇതിന് ജയലളിതയുടെ അനുമതിയില്ലായിരുന്നു. അതീവരഹസ്യമായാണ് വളർത്തിയത്. എം ജി ആറാണ് സുനിതയെന്ന് പേരിട്ടത്. തനിക്ക് രണ്ടര വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 18 വയസായപ്പോൾ ജയലളിത ഡി എൻ എ പരിശോധന നടത്തി താനാണ് അവരുടെ മകളെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഇടയ്‌ക്കിടെ ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയത്തിൽ ജയലളിതയെ കാണാൻ പോകുമായിരുന്നു. മകളാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ 2024 ആഗസ്റ്റ് വരെ ധനസഹായം കിട്ടിയിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.താൻ മകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ 2016 സെപ്‌തംബർ 22ന് വാർത്താസമ്മേളനം നടത്താൻ ജയലളിത തീരുമാനിച്ചിരുന്നെന്ന് സുനിത പറയുന്നു. അന്ന് രാവിലെ 8ന് ചെന്നൈയിലെ വീട്ടിലെത്തി. ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടത്. സ്റ്റെയർകേസിന് താഴെ ചലനമില്ലാതെ കിടക്കുകയാണ് ജയലളിത. മുകളിൽ നിന്ന് തള്ളിയിട്ട നിലയിലായിരുന്നു.
ടി.ടി.വി ദിനകരൻ, ഇളവരശി, സുധാകരൻ എന്നിവർ അവർക്കു ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. വി.കെ. ശശികല, ജയലളിതയുടെ മുഖത്തിടിക്കുന്നത് കണ്ടു. ഞെട്ടിത്തരിച്ച് കരയാൻ പോയപ്പോൾ ജീവനക്കാരിൽ ഒരാൾ വായ് പൊത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബാഗ് നഷ്‌ടപ്പെട്ടു. ഉടൻ കേരളത്തിലേക്ക് തിരിച്ചു. ഇല്ലെങ്കിൽ കൊന്നു കളഞ്ഞേനെയെന്നായിരുന്നു സുനിത പറഞ്ഞത്. 2016 സെപ്‌തംബർ 22നു തന്നെയാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 6ന് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.