സിനിമയിലെ കഥാപാത്രത്തിന് 'നായർ' എന്ന പേരിട്ടതിന്റെ പേരിൽ നേരിട്ട ദുരവസ്ഥ തുറന്നുപറഞ്ഞ് നിർമാതാവ് അജിത് തലപ്പിള്ളി. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് അജിത് തലപ്പിള്ളിയും ഇമ്മാനുവലും ചേർന്ന് നിർമ്മിച്ച 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയാണ് റിലീസിന് തൊട്ടു മുൻപ് സെൻസർ ബോർഡിന്റെ ഇടപെടലിന് വിധേയമായത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന് നായർ എന്ന പേരിട്ടത് പ്രശ്നമാകുമെന്നും പേര് മാറ്റിയാൽ സർട്ടിഫിക്കറ്റ് തരാമെന്നും സെൻസർ ബോർഡ് പറഞ്ഞതായി അജിത് തലപ്പിള്ളി വെളിപ്പെടുത്തി. ഒടുവിൽ ‘നായർ’ എന്ന പേര് ‘നാഗർ’ എന്ന് മാറ്റിയതിനു ശേഷമാണ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത്. ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിൽ ജാനകി എന്ന പേര് ഉപയോഗിച്ചതിന് സെൻസർ ബോർഡിന്റെ ദുശ്ശാഠ്യത്തിന് അണിയറപ്രവർത്തർ വഴങ്ങേണ്ടി വന്നപ്പോഴാണ് തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് അജിത് തലപ്പിള്ളി രംഗത്തെത്തിയത്.
ജാനകി അല്ല ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ
ഇപ്പോൾ മാത്രം എന്താണ് ഇതൊക്കെ പ്രശ്നമായി വരുന്നത് എന്നാണ് അറിയാത്തത്. ഇപ്പോൾ ‘ജെ എസ് കെ’ എന്ന സിനിമയുടെ പ്രശ്നം വന്നപ്പോഴാണ് എന്റെ സിനിമ നേരിട്ട ബുദ്ധിമുട്ട് എനിക്ക് ഓർമ വന്നത്. അന്ന് കോടതിയിൽ പോകാനോ ഇത് ചലഞ്ച് ചെയ്യാനോ ഒന്നുമുള്ള സമയം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞാൽ റിലീസ് ആണ്. ഗോകുലം ഗോപാലൻ സാറ് സഹായിച്ചിട്ടാണ് സിനിമ പൂർത്തിയായത്. അദ്ദേഹത്തിനോട് പറഞ്ഞ വാക്ക് പാലിക്കണം, അങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടായിരുന്നു. സിനിമ കോടതിയിലേക്ക് പോയാൽ അവർക്ക് കൂടി ബുദ്ധിമുട്ട് ആകില്ലേ. സെൻസർ ബോർഡിന്റെ നിലപാട് കേട്ടപ്പോൾ നമുക്ക് ഇനി സിനിമ ചെയ്യണമെന്നില്ല എന്ന് തോന്നിപ്പോയി. കേരളത്തിൽ സിനിമ ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് വന്നിരിക്കുന്നത്. ഇപ്പോൾതന്നെ ‘ജെ എസ് കെ’ പേരിൽ മാറ്റം വരുത്തി. അതുപോലെതന്നെ ഡയലോഗ് പലതും മ്യൂട്ട് ചെയ്യുന്നുണ്ട്, ഇതൊക്കെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇനി ചെയ്യാൻ കഴിയുന്നത് സ്ക്രിപ്റ്റ് സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ച് അത് അവർ സർട്ടിഫൈ ചെയ്തു തരുന്ന രീതിയിൽ ആക്കണം. എന്നാൽ മാത്രമേ സിനിമ ചെയ്യാൻ കഴിയൂ. അവർ സമ്മതിച്ച സ്ക്രിപ്റ്റ് ആണെങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ. കോടിക്കണക്കിന് പടം മുടക്കി സിനിമ ചെയ്തതിനുശേഷം അവസാന നിമിഷം ഇത്തരത്തിലുള്ള പ്രശ്നമൊക്കെ ഉണ്ടായാൽ നിർമാതാവ് ആകെ കഷ്ടത്തിലായി പോകും. അവസാനം നിമിഷം ഇനി കഥ മാറ്റണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും. ഇതൊക്കെ നിർമാതാക്കൾക്ക് ഭയങ്കര നഷ്ടം വരുന്ന കാര്യങ്ങളാണ്. സെൻസർ ബോർഡിന്റെ ഇത്തരത്തിലുള്ള നടപടിക്ക് എല്ലാവരും കൂട്ടായി നിന്ന് ഒരു ധാരണയിൽ എത്തിയില്ലെങ്കിൽ ഇനി മുന്നോട്ട് സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങും. സിനിമാമേഖലയിൽ വലിയൊരു പ്രതിസന്ധി ആയിരിക്കുമത്. എല്ലാം കഴിഞ്ഞ് അവസാന നിമിഷം സെൻസർ ബോർഡ് ഇങ്ങനെ പറയാതെ ആദ്യം മുതൽ തന്നെ സ്ക്രിപ്റ്റ് സെൻസർ ബോർഡ് അംഗീകരിച്ചു പോയാൽ കുഴപ്പമില്ലല്ലോ.
സെൻസർ ബോർഡ് ബാലിശമായ കാര്യങ്ങളാണ് ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോൾ ഒരാൾ ഏതൊക്കെ ദൈവങ്ങളുടെ പേര് സിനിമയിൽ ഉപയോഗിക്കാം എന്നുള്ളതിനുള്ള ഒരു വിവരാവകാശം ചോദിച്ചിട്ടുണ്ട്, ഇനി ഇപ്പോൾ ഞങ്ങളൊക്കെ ചോദിക്കേണ്ടിവരും! ഏതൊക്കെ ജാതി മതക്കാരുടെ പേര് വയ്ക്കാൻ പറ്റും എന്ന്. ഈ കണക്കിന് ഇനി എത്ര സംവിധായകരും നിർമാതാക്കളും ബുദ്ധിമുട്ടാൻ ഇരിക്കുന്നു. ഇനി സിനിമ സെൻസറിനു വിടാൻ എല്ലാവർക്കും ഭയമായിരിക്കും. എന്ത് പ്രശ്നമാണ് ഇവർ കുത്തിപ്പൊക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ. സിനിമ ഒരു കലാസൃഷ്ടി അല്ലേ? അതിലൊക്കെ ജാതി മതം ചേർത്ത് ഇടപെടാൻ തുടങ്ങിയാൽ എന്ത് ചെയ്യാൻ പറ്റും? ‘ജെ എസ് കെ’ എന്ന സിനിമ ഇത്രമാത്രം വിവാദമായപ്പോഴാണ് ഞാൻ എനിക്ക് സംഭവിച്ചത് ഓർത്തത്. ആ പ്രൊഡ്യൂസറുടെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് നന്നായി മനസ്സിലാകും, അജിത് തലപ്പിള്ളി പറയുന്നു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രങ്ങളായ സുരേശനെയും സുമലതയെയും നായികാനായകന്മാരാക്കി രതീഷ് തന്നെ സംവിധാനം ചെയ്ത സിനിമയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവൻ, ചിത്ര നായർ എന്നിവരാണ് ഈ സിനമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററിൽ വമ്പൻ പരാജയമായിരുന്നു. നാലുകോടി രൂപയിൽ തീരുമെന്ന് പ്രതീക്ഷിച്ച സിനിമ സംവിധായകന് ചെലവ് നിയന്ത്രിക്കാൻ കഴിയാതായതോടെ ഇരുപതു കോടി രൂപയിലേക്ക് കുതിച്ചുകയരുകയും സിനിമ പെരുവഴിയിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ ഗോകുലം ഗോപാലനാണ് പോരാത്ത തുക തന്ന് സഹായിച്ചതെന്ന് അജിത് തലപ്പിള്ളി തന്നെ മുൻപ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.