കൊല്ലം: ഭർതൃപീഡനത്തെത്തുടർന്ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാർജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷാർജയിൽ വിമാനമിറങ്ങിയത്.
വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽനിന്ന് ഇന്ന് ഷാർജയിലെത്തും. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ഷാർജ പൊലീസിൽ പരാതി നൽകാൻ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേർത്താണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോൾ ഷാർജയിലാണ്.ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നൽകും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷിന്റെ പീഡനത്തെ തുടർന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.