ഷാർജ/കൊല്ലം: അൽ ക്വായ്‌സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി. ബന്ധുവിനൊപ്പം ചൊവ്വാഴ്ച പുലർച്ചെയാണ് ഷാർജയിൽ എത്തിയത്. മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരൻ വിനോദും രാത്രി ഷാർജയിൽ എത്തും. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരേ ഷാർജയിൽ പരാതി നൽകാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ബന്ധുക്കൾ സംസാരിക്കും
സംഭവത്തിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേരളാ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനപീഡനം, ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഭർത്താവ് നിധീഷ്, ഭർത്തൃസഹോദരി നീതു, നിധീഷിന്റെ അച്ഛൻ എന്നിവർ ഒന്നുമുതൽ മൂന്നുവരെ പ്രതികളാണ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ വിപഞ്ചിക(33)യെയും മകൾ വൈഭവിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഇവർ താമസിച്ചിരുന്ന ഷാർജ അൽ ക്വായ്‌സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജയിൽ സ്വകാര്യ കമ്പനിയിലെ എച്ച്ആർ മാനേജരായിരുന്നു എംബിഎ ബിരുദധാരിയായ വിപഞ്ചിക.2020 നവംബറിലായിരുന്നു കോട്ടയം സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം. വിവാഹശേഷം ഷാർജയിൽ തന്നെയുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു താമസം. ആദ്യദിവസംമുതൽ കടുത്ത പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചിക ആറുപേജുള്ള ആത്മഹത്യക്കുറിപ്പിൽ പറയുന്നു.ഗർഭിണിയായതോടെ കൂടുതൽ കടുത്ത പീഡനം നേരിട്ടു. നിരന്തര പീഡനത്തെ തുടർന്ന് മകളുമായി മറ്റൊരു ഫ്ളാറ്റിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. വേർപിരിയൽ നോട്ടീസ് ലഭിച്ചതോടെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി ഇരുവരെയും സ്വീകരിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. കുഞ്ഞിന്റെ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതോടെ നാട്ടിലേക്ക് വരാനുള്ള ശ്രമവും നടന്നില്ല. വേർപിരിയൽ നോട്ടീസ് ലഭിച്ചതും കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുവരാനാകാതെ വന്നതുമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും ബന്ധുക്കൾക്ക് ലഭിച്ച ഡയറിക്കുറിപ്പിൽ പറയുന്നു.കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. സ്ത്രീധനപീഡനമുള്ളതിനാൽ ഡിവൈഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണച്ചുമതല. കുറ്റകൃത്യം വിദേശത്ത് നടത്തിയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണമോ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചുള്ള അന്വേഷണമോ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.