തിരുവനന്തപുരം : എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഇന്ന് കേരള സർവകലാശാല ആസ്ഥാനത്ത് എത്തി വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഏറ്റെടുക്കുമെന്ന് സിസ തോമസ്. നാലഞ്ച് ദിവസത്തേക്ക് ചുമതല വഹിക്കാൻ എത്തുന്ന തനിക്ക് എന്തിനാണ് മുന്നറിയിപ്പെന്നും സിസ തോമസ് മനോരമ ഓൺലൈനോട് പറഞ്ഞു. ചാൻസലറായ ഗവർണർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കും. ചുമതല ഏറ്റെടുക്കണമെന്ന ഉത്തരവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സിസ തോമസ് പറഞ്ഞു.
സുരക്ഷ വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ല. അക്കാര്യത്തിലൊക്കെ രാജ്ഭവനാണ് തീരുമാനം എടുക്കേണ്ടത്. ചുമതലയേറ്റെടുക്കാൻ പോകും മുൻപ് രാജ്ഭവനിൽ നിന്നൊരു നിർദേശം ലഭിക്കുമെന്നാണ് കരുതുന്നതെന്നും സിസ തോമസ് പറഞ്ഞു.സസ്പെൻഷനിലായിട്ടും സർവകലാശാലയിലേക്ക് എത്തുന്ന റജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സിസ തോമസ് എങ്ങനെ നേരിടും എന്നതാകും ശ്രദ്ധേയം. എസ്എഫ്ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ പ്രതികരിച്ചത്.ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസിനു ഗവർണർ ഇന്നലെ വൈകിട്ടോടെ നൽകിയത്. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന പശ്ചാത്തലത്തിലാണ് എട്ടാം തീയതി വരെ സിസ തോമസിന് അധികചുമതല നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്ത സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് നല്‍കിയത്. ഇതിനു പിന്നാലെയാണ് കേരള സര്‍വകലാശാല വിസിയുടെ അധികചുമതല കൂടി ഡോ.സിസ തോമസിനു നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.