തൃശൂർ : ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നൽകിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നൽകി നാട്ടുകാർ. നെല്ലങ്കര നിവാസികളാണ് കമ്മിഷണർ ആർ.ഇളങ്കോയുടെ പേര് റോഡിനു നൽകിയത്. ‘ഇളങ്കോ നഗർ - നെല്ലങ്കര’ എന്ന ബോർഡും സ്ഥാപിച്ചു. ബോർഡ് നീക്കം ചെയ്യാൻ സ്നേഹപൂർവം പൊലീസ് അഭ്യർഥിച്ചതിനെ തുടർന്ന് പിന്നീട് ബോർഡ് മാറ്റി.
പിറന്നാളാഘോഷ ലഹരിപ്പാർട്ടിയിൽ ഒത്തുകൂടിയ ഗുണ്ടാസംഘം തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 3 പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തു. എസ്ഐ അടക്കം 5 പൊലീസുകാർക്കു പരുക്കേറ്റു. രണ്ടു കൊലപാതകക്കേസുകളിൽ പ്രതിയായ കാപ്പാ കുറ്റവാളി മൂർക്കനിക്കര പടിഞ്ഞാറേവീട്ടിൽ ബ്രഹ്മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി.നെല്ലങ്കരയിൽ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ ‘കൈകാര്യം’ ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷം കമ്മിഷണർ ആർ. ഇളങ്കോയുടെ പേരിൽ പൊലീസ് ഇറക്കിയ പോസ്റ്റർ തരംഗമായിരുന്നു. ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവർത്തിച്ചു’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകൾ ഗുണ്ടകളായാൽ പൊലീസ് പൊലീസാകുമെന്ന കമ്മിഷണറുടെ പ്രതികരണത്തെ ആധാരമാക്കിയായിരുന്നു പോസ്റ്റർ. സംസ്ഥാനവ്യാപകമായി പൊലീസ് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്റർ തരംഗമായി.
ജനങ്ങളും പോലീസുമായുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കണമെന്നും, മയക്കുമരുന്നിനെതിരെയും സമൂഹത്തിൽ ഗുണ്ടാസംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യ സമയത്ത് പൊലീസിനെ വിവരങ്ങൾ അറിയിക്കണമെന്നും കമ്മിഷണർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.