എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിങ്ങാണ് അഹമ്മദാബാദ് അപകടം അന്വേഷിച്ച സംഘത്തെ നയിച്ചത്. ഡപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലാർഘയാണ് ചീഫ് ഇൻവെസ്റ്റിഗേറ്റർ. ഇദ്ദേഹം കരിപ്പൂർ വിമാനാപകടം അന്വേഷിച്ച സംഘത്തിലുമുണ്ടായിരുന്നു. കണ്ണൂർ സ്വദേശിയും വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) എയർ സേഫ്റ്റി ഡപ്യൂട്ടി ഡയറക്ടറുമായ വിപിൻ വേണു വരക്കോത്ത്, എയർ സേഫ്റ്റി അസിസ്റ്റന്റ് ഡയറക്ടർ കെ.വീരരാഘവൻ, എയർ സേഫ്റ്റി ഓഫിസർ വൈഷ്ണവ് വിജയകുമാർ എന്നിവരും സംഘത്തിലുണ്ട്. ഇതിനുപുറമേ പൈലറ്റുമാർ, എൻജിനീയർമാർ, ഏവിയേഷൻ മെഡിസിൻ വിദഗ്ധർ, ഏവിയേഷൻ സൈക്കോളജിസ്റ്റ്, ഫ്ലൈറ്റ് റിക്കോർഡർ വിദഗ്ധർ തുടങ്ങിയവരും സമിതിയിലുണ്ട്. പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നപ്പോൾ മാത്രമാണ് അന്വേഷണസംഘത്തിൽ ആരൊക്കെയെന്ന വിവരം പുറത്തുവന്നത്.
ബോയിങ്ങും ജിഇയും ഉപദേശകർ ∙ യുഎസിലെ നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ (എൻടിഎസ്ബി) പ്രതിനിധിക്കു പുറമേ ഫെഡറൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), വിമാന–എൻജിൻ നിർമാതാക്കളായ ബോയിങ്, ജനറൽ ഇലക്ട്രിക് (ജിഇ) എന്നിവയുടെ ഉപദേശകരും അന്വേഷണത്തിൽ സഹായിച്ചു. ബ്രിട്ടനിലെ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു.രാജ്യാന്തര ചട്ടമനുസരിച്ച് അപകടം നടന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കാണ് അന്വേഷണത്തിന്റെ പ്രധാന ചുമതല. വിമാനം നിർമിച്ച രാജ്യം, ഡിസൈൻ ചെയ്ത രാജ്യം, ഓപ്പറേറ്ററുടെ രാജ്യം എന്നിവയ്ക്കും പങ്കാളിയാകാം. ഏതെങ്കിലുമൊരു രാജ്യത്തിന് അപകടവുമായി ബന്ധപ്പെട്ടു സവിശേഷ താൽപര്യമുണ്ടെങ്കിൽ അവർക്കും പ്രതിനിധികളെ വയ്ക്കാം. അൻപതിലേറെ ബ്രിട്ടിഷ് പൗരർ മരിച്ചതിനാലാണ് ബ്രിട്ടിഷ് പ്രതിനിധികൾ എത്തിയത്. കിറ്റ് യുഎസിൽനിന്ന്
∙ അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സ് ഡൽഹിയിലെ ഉഡാൻ ഭവനിലെ ലാബിലാണു പരിശോധിച്ചതെങ്കിലും ഇതിനായി യുഎസിലെ നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ (എൻടിഎസ്ബി) കിറ്റ് വേണ്ടി വന്നു. ബ്ലാക്ബോക്സിന്റെ പുറംഭാഗത്തിനു കാര്യമായ കേടുപാടുണ്ടായതിനാൽ യുഎസിൽനിന്ന് അതേപോലൊരു ബ്ലാക്ബോക്സ് യൂണിറ്റ് (ഗോൾഡൻ ഷാസി) എത്തിച്ചു. എയർഇന്ത്യ വിമാനത്തിലെ ബ്ലാക്ബോക്സിന്റെ ഉള്ളിലെ ഇന്റേണൽ മെമ്മറി മൊഡ്യൂൾ ഈ യൂണിറ്റിൽ ഘടിപ്പിച്ച ശേഷമാണ് ഡേറ്റ വേർതിരിച്ചത്. ഫോണിനു കേടുപാടുണ്ടായാൽ മെമ്മറി കാർഡ് മറ്റൊരു ഫോണിലിട്ട് ഫയലുകൾ വീണ്ടെടുക്കുന്നതിനു സമാനമാണിത്. ഡേറ്റ ഡൗൺലോഡ് ചെയ്യാനുള്ള കേബിളുകളും യുഎസിൽ നിന്നാണെത്തിച്ചത്. 2 ബ്ലാക്ബോക്സുകളിൽ മുന്നിലുള്ളതിന്റെ ഡേറ്റയാണ് പരിശോധിച്ചത്. പിന്നിലുള്ളതു സാരമായി കേടുവന്നിരുന്നു. ഏപ്രിലിൽ 9 കോടി രൂപ ചെലവിലാണ് ഉഡാൻ ഭവനിൽ ലാബ് ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.