പുല്പള്ളി : മുള്ളൻകൊല്ലിയിലെ കോൺഗ്രസിനുള്ളിലെ കലാപത്തിൽ ഡിസിസി പ്രസിഡന്റിനും ‘അടി’ പതറി. നേതാക്കൾ ഇരുചേരികളായി തിരിഞ്ഞപ്പോൾ അടിയും അടിക്ക് തിരിച്ചടിയുമായി മുള്ളൻകൊല്ലി കോൺഗ്രസിലെ ഗ്രൂപ്പുപോര് തെരുവിലേക്കെത്തി നിൽക്കുകയാണ്. ശനിയാഴ്ച രാവിലെ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കൈയേറ്റത്തിനിരയായപ്പോൾ പകരംചോദിക്കാൻ വൈകുന്നേരം കല്പറ്റയിൽനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്പള്ളി പോലീസ് സ്റ്റേഷന് മുന്നിലിട്ടാണ് മുള്ളൻകൊല്ലിയിലെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്.
എൻ.ഡി. അപ്പച്ചൻ പക്ഷക്കാരനായ മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസിനെ മാറ്റണമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിമതവിഭാഗത്തിന്റെ പ്രതിഷേധം. എൻ.ഡി. അപ്പച്ചന്റെ എതിർചേരിയിലുള്ള കെപിസിസി നിർവാഹകസമിതിയംഗം കെ.എൽ. പൗലോസും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുമാണ് പാടിച്ചിറയിലുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടത്തിയതെന്നാണ് മണ്ഡലം കമ്മിറ്റിയിലെ ഔദ്യോഗികവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ഇരുവർക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കുറച്ചുകാലം മുൻപ് ഡിസിസി പ്രസിഡന്റിനെ എംഎൽഎ ഫോണിൽ അസഭ്യം പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നതും വലിയ വിവാദമായിരുന്നു.മുള്ളൻകൊല്ലിയിലെ കോൺഗ്രസിനുള്ളിൽ കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന വിമതനീക്കത്തിനെതിരേ ഡിസിസി പ്രസിഡന്റ് കർശന നിലപാട് സ്വീകരിച്ചിരുന്നു. പലതവണ താക്കീത് നൽകിയിട്ടും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് മൂന്ന് നേതാക്കളുടെപേരിൽ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. മുള്ളൻകൊല്ലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂൺ 31-ന് കെപിസിസി നേതാക്കളായ ജമീല ആലിപ്പറ്റ, പി.എം. നിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ കല്പറ്റയിലെ ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത യോഗവും അടിപിടിയിൽ കലാശിച്ചിരുന്നു. ഈ യോഗത്തിൽ പ്രശ്നമുണ്ടാക്കിയവരുടെ നേതൃത്വത്തിൽതന്നെയാണ് പാടിച്ചിറയിൽ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്തതെന്നാണ് നേതാക്കൾ പറയുന്നത്.
തദ്ദേശതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, ജില്ലയിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിൽ പാർട്ടിക്കുള്ളിലെ ചേരിപ്പോര് നേതൃത്വത്തിന് വലിയ തലവേദനയായിത്തീരുകയാണ്.
സിനിമാസ്റ്റൈൽ ചേസിങ്
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ മർദിച്ചെന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരായ പറുദീസ സ്വദേശികളായ ഇലവനപ്പാറ എബിൻ, പച്ചിക്കര ഷാജി എന്നിവരെ കല്പറ്റയിൽനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലിട്ട് ആക്രമിച്ചത്. ജീപ്പ് ഡ്രൈവറായ എബിനെ ഓട്ടംവിളിക്കാനെന്ന വ്യാജേന ഒരു സംഘം വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. എന്നാൽ, ഈ സമയം പാടിച്ചിറയിൽനിന്ന് എബിനും ഷാജിയും മറ്റൊരാവശ്യത്തിനായി ജീപ്പിൽ പുല്പള്ളി ഭാഗത്തേക്ക് വരുകയായിരുന്നു. ഈ വിവരമറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടുവാഹനങ്ങളിലായി പാടിച്ചിറമുതൽ ഇവരുടെ വാഹനത്തെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
പുല്പള്ളി ടൗണിലേക്കെത്തിയ എബിനും ഷാജിയും രക്ഷപ്പെടാനായി പോലീസ് സ്റ്റേഷനുള്ളിലേക്ക് ജീപ്പ് ഓടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർ കുറുകേയിട്ട് തടസ്സപ്പെടുത്തി. തുടർന്ന് ജീപ്പിനുള്ളിലിരിക്കുകയായിരുന്ന എബിനെയും ഷാജിയെയും ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് പോലീസ് എത്തിയതോടെ, അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ എബിന്റെയും ഷാജിയുടെയും പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഡിസിസി പ്രസിഡന്റിനെ തൊട്ടാൽ വെറുതേവിടില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് തങ്ങളെ ആക്രമിച്ചതെന്നും ഇവർ കല്പറ്റയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും എബിനും ഷാജിയും പറഞ്ഞു. രാവിലെ നടന്ന വികസന സെമിനാറിൽ ഇരുവരും പങ്കെടുത്തിരുന്നു. രാവിലത്തെ യോഗത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി ജനറൽ സെക്രട്ടറി പി.ഡി. സജി എന്നിവർക്കെതിരേ എബിൻ ഉച്ചയോടെ പുല്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. അതേസമയം, ഡിസിസി പ്രസിഡന്റിനെ ആക്രമിച്ചവരെ തിരിച്ചടിച്ച യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അഭിനന്ദനപ്രവാഹവും നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.