ദിവസവും രാവിലെയുള്ള സമയം നാം എങ്ങിനെ ചിലവഴിക്കുന്നു എന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കും. കൂടാതെ, ലോകമെമ്പാടും ഹൃദ്രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉദാസീനമായ ജീവിതശൈലി മാറ്റിക്കൊണ്ട് ആരോഗ്യത്തിന് മുൻഗണന നൽകേണ്ട സമയവും എന്നോ അതിക്രമിച്ചിരിക്കുന്നു. നാം ആരോഗ്യത്തിന് മുൻഗണന നൽകാതിരുന്നാൽ മിക്കപ്പോഴും അതിന് വില നൽകേണ്ടി വരുന്നത് നമ്മുടെ ഹൃദയമാണ് എന്നാണ് കാർഡിയോളജിസ്റ്റ് ഡോ. അങ്കുർ ഉൽഹാസ് പറയുന്നത്. ഹൃദയാരോഗ്യത്തിനായി അദ്ദേഹം തുടരുന്ന ആറ് ശീലങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ ഡോക്ടർ പറഞ്ഞു.
1. വെള്ളം കുടിക്കുക വെള്ളം കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. രക്തത്തിൻ്റെ ഒരു പ്രധാന ഭാഗം വെള്ളമാണ്. ഇത് ശരീരത്തിലുടനീളം പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ, ശരീരത്തിൻ്റെ സുപ്രധാനമായ പ്രവർത്തനത്തിനായി ദിവസം ജലാംശം നൽകിക്കൊണ്ട് തുടങ്ങുന്നത് വളരെ പ്രധാനമാണ്.
2. ഭക്ഷണക്രമം രാവിലെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നു. അതിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെയും പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിൻ്റെയും ഒരു പ്രധാന ഭാഗമാണ് ഭക്ഷണക്രമം. ഹൃദയത്തിന് ഹാനികരവും കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതുമായ പൂരിതകൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ഒഴിവാക്കുന്നു.
3. പരിശീലനങ്ങൾ സമ്മർദ്ദം നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും മെഡിറ്റേഷൻ നല്ലതാണ്. ഇവ രണ്ടും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. കണ്ണുകളടച്ച് സൗകര്യമായിരുന്ന് ശ്വാസത്തിലോ, ഒരു ചിത്രത്തിലോ, അല്ലെങ്കിൽ പോസിറ്റീവായ ഒരു വാക്കോ വാക്യമോ ആവർത്തിച്ച് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോ ആണ് തന്റെ രീതിയെന്ന് ഡോക്ടർ പറയുന്നു. ഇത് 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒന്നാകണമെന്നില്ല. ദിവസവും 5 മിനിറ്റ് പരിശീലിച്ചുകൊണ്ട് തുടങ്ങാവുന്നതാണ്.
4. സൂര്യപ്രകാശം ഏൽക്കുക ഒരുപാട് പേർക്ക് വിറ്റാമിൻ ഡി-യുടെ കുറവുണ്ടെന്ന് ഡോക്ടർ പറയുന്നു. ദിവസവും കുറച്ച് മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് വളരെ പ്രധാനമാണ്. കാരണം, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനും സഹായിക്കുകയും ചെയ്യുന്നു. രാവിലെ ഓടാനൊന്നും പോയില്ലെങ്കിലും ചെറിയ ഒരു നടത്തംപോലും ചിലപ്പോൾ ഫലപ്രദമായേക്കും.
5. വ്യായാമം മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ഉണർന്ന് മണിക്കൂറുകൾക്കിടയിൽ മുടങ്ങാതെ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. അത് യോഗയോ, നടത്തമോ, ഓട്ടമോ ആയിരിക്കാം. ഏതാനും മിനിറ്റുകൾ മാത്രമുള്ള ചെറിയ വ്യായാമങ്ങൾ പോലും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
6. മൊബൈൽ ഫോൺ ഒഴിവാക്കുക മുകളിൽ പറഞ്ഞവയ്‌ക്കെല്ലാം പുറമെ, ഉണർന്നതിന് ശേഷവും ഉറങ്ങുന്നതിന് മുമ്പും കുറഞ്ഞത് 30 മിനിറ്റെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ ഉത്പാദനക്ഷമമായി ദിവസം ആരംഭിക്കാനും എന്നെ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.