FIDE വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രമെഴുതിയിരിക്കുകയാണ് രണ്ട് ഇന്ത്യൻ വനിതകൾ. ജൂലൈ 26, 27 തീയതികളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ് കൊനേരു ഹംപിയും, ദിവ്യ ദേശ്മുഖും. ചെസ്സ് ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹംപി. എന്നാൽ, ചൈനയുടെ ടാൻ സോങ്‌യിയെ പരാജയപ്പെടുത്തി ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചുകൊണ്ടാണ് ദിവ്യ ദേശ്മുഖ് കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്.
1987 മാർച്ച് 31 ന് ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിൽ ജനിച്ച കൊനേരു ഹംപി തന്റെ ആറാം വയസ്സിൽ ചെസ്സ് പരിശീലനം ആരംഭിച്ചു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ചെറുപ്പത്തിൽ തന്നെ അവളെ ചെസ്സ് പരിശീലിപ്പിച്ചിരുന്നു. 1993 ൽ ചെസ്സ് അണ്ടർ-8 ചാമ്പ്യൻഷിപ്പ് നേടിയ ഹംപി 1994 ലും, 1995 ലും സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ നേടി. ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ ഹംപി വനിതാ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ റണ്ണേഴ്‌സ്-അപ്പും, രണ്ട് തവണ വനിത ലോക റാപ്പിഡ് ചെസ് ചാമ്പ്യനുമാണ്. 2002 ൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിക്കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത താരവും, ആദ്യത്തെ ഇന്ത്യൻ വനിത താരവുമായി മാറി. കൂടാതെ, ഒളിമ്പ്യാഡ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ജേതാവാകുകയും ചെയ്തു.എന്നാൽ, വെറും 19 വയസ്സുമാത്രമാണ് ഹംപിയുടെ എതിരാളി ദിവ്യയുടെ പ്രായം. 2005 ഡിസംബർ 9 ന് നാഗ്പൂരിൽ ജനിച്ച ദിവ്യ ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ വനിത ഗ്രാൻഡ്മാസ്റ്റർ (2021), ഇന്റർനാഷണൽ മാസ്റ്റർ (2023) എന്നീ പദവികൾ നേടി. ഒളിമ്പ്യാഡിൽ മൂന്ന് തവണ സ്വർണ്ണ മെഡൽ ജേതാവായ ദിവ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ്, വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങളിൽ അനവധി മെഡലുകളും സ്വന്തമാക്കി.
രണ്ട് ദിനങ്ങളിലായി നടക്കുന്ന ഫൈനലിൽ ആര് വിജയിച്ചാലും ചെസ്സ് ലോകകപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ആവേശഭരിതം ആയിരിക്കും മത്സരം എന്നതിൽ സംശയമില്ല. ജൂലൈ 26, 27 തീയതികൾക്ക് പുറമെ ആവശ്യമെങ്കിൽ ടൈബ്രേക്കുകൾ ജൂലൈ 28 ന് നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.