കോഴിക്കോട് : മലയാളി ഗവേഷകയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേണലില്‍. അതിസൂക്ഷ്മമായ ക്വാണ്ടം സെന്‍സറിനെക്കുറിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപിക ഡോ. മഞ്ജു പെരുമ്പിൽ നടത്തിയ പഠനമാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനത്തെക്കുറിച്ച് അറിയാന്‍ സഹായകമായ കണ്ടെത്തല്‍ നടത്തിയ ഈ ഗവേഷണത്തില്‍ ഓസ്ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്സിറ്റിയിലെയും കേംബ്രിജ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ക്കൊപ്പമാണ് കൊയിലാണ്ടി സ്വദേശിനി മഞ്ജു പെരുമ്പില്‍ ഗവേഷണം നടത്തിയതും പ്രബന്ധം തയാറാക്കിയതും.
ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെന്‍സറുകളെപ്പറ്റി പഠിക്കുന്ന രാജ്യാന്തര ഗവേഷക സംഘത്തിൽ അംഗമാണ് ഡോ. മഞ്ജു പെരുമ്പില്‍. ഇന്ത്യന്‍ ബഹിരാകാശ പരീക്ഷണങ്ങളും പര്യവേഷണങ്ങളും ഏറെ മുന്നോട്ടുപോയിരിക്കുന്ന കാലത്ത് ക്വാണ്ടം സാങ്കേതികവിദ്യാരംഗത്തെ ഏറ്റവും പുതിയ ഈ ഗവേഷണത്തിന് ഏറെ സാധ്യതകളാണുള്ളത്. മാത്രമല്ല ഏറെ പ്രാധാന്യമുള്ള ഈ ഗവേഷണത്തില്‍ പാശ്ചാത്യഗവേഷകര്‍ക്കൊപ്പം ഒരു ഇന്ത്യന്‍ ഗവേഷകയുമുണ്ട് എന്നതാണ് ഇതിന്റെ പ്രാധാന്യം. ഈ അംഗീകാരത്തെ ഇന്ത്യന്‍ ശാസ്ത്രഗവേഷണ രംഗത്തിനും അഭിമാനകരമായ നിമിഷമായാണ് ഡോ. മഞ്ജു കാണുന്നത്. ശാസ്ത്രഗവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സത്യേന്ദ്രനാഥ ബോസിന്റെ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ് ഈ പ്രബന്ധം തയാറാക്കിയിരിക്കുന്നതെന്നും പ്രസിദ്ധമായ ബോസ്-ഐന്സ്റ്റീന് കണ്ടന്‍സേറ്റ് എന്നറിയപ്പെടുന്ന പ്രത്യേക ദ്രവ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും ഡോ. മഞ്ജു പറഞ്ഞു.ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തല്‍, ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ പരീക്ഷണം, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍, ക്വാണ്ടം ഗുരുത്വാകര്‍ഷണം എന്നിവയുള്‍പ്പെടെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ക്വാണ്ടം സെന്‍സര്‍ രംഗത്ത് ഡോ. മഞ്ജുവും സഹ ഗവേഷകരും നടത്തിയ പരീക്ഷണങ്ങള്‍ വലിയ സാധ്യതകള്‍ തുറക്കുന്നുണ്ട്. ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും വേണ്ടിയുള്ള കണ്ടെത്തലാണെങ്കിലും ഇത്തരം സെന്‍സറുകള്‍ ദുരന്തനിവാരണം, ധാതുപര്യവേഷണങ്ങള്‍, ഭൂഗര്‍ഭജലനിരീക്ഷണം, ജലഗതാഗതം തുടങ്ങിയ മേഖലകളിലും ഭാവിയില്‍ സഹായകമാകും. കേരള കേന്ദ്ര സര്‍വകലാശാലയിലെ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഫിസിക്സ് അസി. പ്രഫസറാണ്. ഓസ്ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. കേരള സര്‍ക്കാരിന്റെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹയായിട്ടുണ്ട്.ക്വാണ്ടം സെന്‍സറിനെക്കുറിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപിക ഡോ. മഞ്ജു പെരുമ്പിൽ നടത്തിയ പഠനം നേച്ചര്‍ ജേണലില്‍
0
ശനിയാഴ്ച, ജൂലൈ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.