ദില്ലി : രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി സൈബർ കുറ്റവാളികൾ ഉപയോഗിച്ച എട്ടര ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി സിബിഐ. സൈബർ കുറ്റകൃത്യം വഴി ശേഖരിക്കുന്ന പണം നിക്ഷേപിക്കാനാണ് 743 ബാങ്ക് ശാഖകളിൽ പ്രതികൾ അക്കൗണ്ട് തുടങ്ങിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് തുടങ്ങിയ ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് പത്ത് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ് വ്യാപകമായതോടെ തട്ടിച്ചെടുത്ത പണം നിക്ഷേപിക്കാനാണ് സൈബർ കുറ്റവാളികൾ വ്യാജ അക്കൗണ്ട് അഥവാ മ്യൂൾ അക്കൗണ്ടുകൾ തുറക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനും ആൾമാറാട്ടം നടത്തിയും ഡിജിറ്റൽ തട്ടിപ്പിലൂടെ അനധികൃതമായും കൈയ്യിൽ വന്ന പണം ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ് പ്രതികൾ മാറ്റുക. വ്യാജ രേഖ ഉപയോഗിച്ചാകും ഭൂരിഭാഗം അക്കൗണ്ടുകളും. സാധാരണക്കാരെ കബളിപ്പിച്ച് ഇവരുടെ തിരിച്ചറിയൽ രേഖകൾ കുറ്റവാളികൾ കൈക്കലാക്കിയാണ് മ്യൂൾ അക്കൗണ്ടുകൾ തുറക്കുക. ഈ അക്കൗണ്ടുകൾ കെവൈസി ചട്ടങ്ങൾ പാലിക്കാറില്ല. സൈബർ തട്ടിപ്പിനായി ഉപയോഗിച്ച എട്ടരലക്ഷം അക്കൗണ്ടുകൾ രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ 743 ബാങ്ക് ശാഖകളിലായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാൻ, ദില്ലി,ഹരിയാന, ഉത്തരാഖണ്ഡ്,ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ വ്യാപക പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. കേസിൽ അറസ്റ്റിലായവർക്കെതിരെ ഗൂഡാലോചന,വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ബാങ്ക് ജീവനക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവുമാണ് കേസ്. ഇടനിലക്കാർ,അക്കൗണ്ട് ഉടമകൾ തുടങ്ങി ബാങ്ക് ജീവനക്കാർ വരെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലാണ്. ജീവനക്കാർ പലരുടെയും അറിവോടെയാണോ ഇത്തരം അക്കൗണ്ടുകൾ വഴി പണം കൈകാര്യം ചെയ്യുന്നത് എന്നതിലാണ് അന്വേഷണം.
പല ബ്രാഞ്ചുകളിലും സോഫ്റ്റ്വെയർ അലർട്ടുകൾ വന്നാലും ബാങ്ക് മാനേജർമാരടക്കം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല, ആർബിഐ മാർഗനിർദ്ദേശങ്ങളിലും പാലിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം മ്യൂൾ അക്കൗണ്ടിലെത്തിയാൽ വൈകാതെ തന്നെ ഈ പണം നിയമപ്രകാരം തുടരുന്ന പല അക്കൗണ്ടുകളിലേക്കും വീതിച്ച് കൈമാറും.വൈകാതെ ഈ മ്യൂൾ അക്കൗണ്ട് തട്ടിപ്പുകാർ ക്ലോസ് ചെയ്യും.ഇങ്ങനെ കുറ്റവാളികളിലേക്കുള്ള അന്വേഷണ സംഘത്തിന്റെ വഴികൾ അടയുന്നതാണ് സൈബർ തട്ടിപ്പ് കേസുകളിലെ വെല്ലുവിളി. കേരളത്തിലടക്കം സൈബർ കുറ്റകൃത്യങ്ങളിൽ സമീപകാലത്തുണ്ടായത് വലിയ വർധനവാണ്. വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യമടക്കം തട്ടിച്ചെടുക്കുന്ന ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖല സംസ്ഥാനത്തും സജീവമാണ്. മ്യൂൾ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം വഴി സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടനാകുമെന്നാണ് സിബിഐ കണക്കുക്കൂട്ടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.