തിരുവനന്തപുരം: രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരാണ് ഇന്ന് സെന്‍സര്‍ബോര്‍ഡിലുള്ളവരെന്ന് സംവിധായകന് കമല്‍. എല്ലാവരെയും ഭയപ്പെടുത്തുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. സമാനമായ സാഹചര്യം അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സിനിമാസംഘടനകള്‍ സെന്‍സര്‍ ബോര്‍ഡ് പ്രാദേശിക കേന്ദ്രത്തിന്റെ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
സഞ്ജയ് ഗാന്ധിയെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് അന്ന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ഭരണകൂടം അതിനെതിരേ രംഗത്തുവന്നപ്പോള്‍, യോഗ്യത പരിഗണിച്ച് സര്ട്ടിഫിക്കേഷന് നല്‍കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും സിനിമ കട്ട് ചെയ്യാനിരിക്കുന്നവരല്ലെന്ന നിലപാടുമാണ് അന്ന് സെന്‍സര്‍ബോര്‍ഡ് സ്വീകരിച്ചത്. ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള അവകാശം കലാകാരനുണ്ടെന്ന മറുപടിയാണ് സെന്‍സര്‍ബോര്‍ഡംഗങ്ങള്‍ അന്ന് ഭരണകൂടത്തെ അറിയിച്ചത്. കാഞ്ചനസീതയും നിര്‍മാല്യവും ഇന്നാണ് പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ സ്ഥിതി വേറെയാകുമായിരുന്നുവെന്നും കമല്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇന്ത്യയൊട്ടാകെ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപിക്കേണ്ടതുണ്ടെന്നും സിബി മലയില്‍ പറഞ്ഞു. കലാകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത എല്ലാ കത്രികകളുടെയും സ്ഥാനം കുപ്പത്തൊട്ടിയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ഉണ്ണികൃഷ്ണന് എന്ന പേരില്‍ ഇനി സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമോയെന്നു പോലും സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സമരം ഒരു ചിത്രത്തിനു വേണ്ടിയല്ലെന്നും ചട്ടങ്ങളെ യുക്തിരഹിതമായി വ്യാഖ്യാനിക്കുന്നവര്ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കമല്‍, ഷാജി കൈലാസ്, മണിയന് പിള്ള രാജു, എം.രഞ്ജിത്ത്, ജയന് ചേര്‍ത്തല, ഇന്ദ്രന്‍സ്, ബാബുരാജ്, ഷോബി തിലകന്, ടിനിടോം, വിനുമോഹന്‍, ബെന്നി പി. നായരമ്പലം, അന്‍സിബ, സരയു, കുക്കു പരമേശ്വരന്, വിധു വിന്‍സന്റ്, മായാ വിശ്വനാഥ്, ജീജാ സുരേന്ദ്രന്, ഉഷ, പി.ശ്രീകുമാര്‍, പൂജപ്പുര രാധാകൃഷ്ണന്, യദു കൃഷ്ണന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. മലയാള സിനിമയിലെ സംഘടനകളായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് ഒരു ദിവസം നീണ്ട പ്രതിഷേധസമരത്തിന് രൂപം കൊടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.