ആര്യനാട്: വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടിയ യുവാവിന് കുഴിയിൽവീണ് കാലിന് ഗുരുതര പരിക്കേറ്റു. പിന്നാലെയെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ നാട്ടുകാരെ വിളിച്ചുകൂട്ടി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആര്യനാട് വിനോബാനികേതൻ മണ്ണാറം എം.ആർ. ഹൗസിൽ ബൈജുമോൻ(46) ആണ് കുഴിയിൽവീണ് പരിക്കേറ്റത്.
അഞ്ച് അടിയിലധികം താഴ്ചയുള്ള കുഴിയിലാണ് വീണത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയ ബൈജു വീടിനുള്ളിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇതോടെ എക്സൈസ് സംഘവും ബൈജുവിനു പിന്നാലെ ഓടി. വീടിന് കുറച്ചകലെ എത്തി മുള്ളുവേലി ചാടിക്കടന്ന് പോകുന്നതിനിടെയാണ് ബൈജു കുഴിയിലേക്ക് വീണത്. മുള്ളുവേലികൊണ്ടുള്ള മുറിവും വീഴ്ചയിൽ ഒടിവുമാണ് സംഭവിച്ചത്.
ഉടൻതന്നെ എക്സൈസ് സംഘം വഴിയിലൂടെ പോയവരെയും സമീപവാസികളെയും വിളിച്ചുകൂട്ടി ബൈജുവിനെ എക്സൈസ് വാഹനത്തിൽ കയറ്റി പോകുകയും പിന്നീട് 108 ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് അയക്കുകയുമായിരുന്നു. അതേസമയം പരിശോധനയിൽ ബൈജുവിന്റെ വീട്ടിൽനിന്ന് മദ്യക്കുപ്പികളോ മറ്റു നിരോധിത ഉത്‌പന്നങ്ങളോ എക്സൈസിന് ലഭിച്ചില്ല.
നെടുമങ്ങാട് എക്സൈസ് സംഘമാണ് വന്നതെന്നും ഭാര്യയിൽനിന്ന് ചില വെള്ളപ്പേപ്പറുകളിൽ സംഘം ഒപ്പിട്ടുവാങ്ങിയെന്നും ബൈജു പറയുന്നു. ബൈജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.