കൊല്ലം ;ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർ ഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു ജ്വല്ലറി ഉടമയിൽ നിന്ന് അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിട്ടേക്കും.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രതിയായ പണ അപഹരണക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു വിടണമെന്നു കാണിച്ചു സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഡിജിപിക്കു കത്ത് നൽകി. ഡിജിപിയുടെ ഉത്തരവ് വൈകാതെ ഉണ്ടാകും. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് ആണു കേസ് അന്വേഷിക്കുന്നത്.കേസിലെ ഒന്നാം പ്രതി കോഴിക്കോട് ട്രാഫിക് അസി. പൊലീസ് കമ്മിഷണർ ആയിരുന്ന തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെ.എ സുരേഷ്ബാബുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
സുരേഷ് കുമാറിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വി.പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണു രണ്ടും മൂന്നും പ്രതികൾ.
ജില്ലയ്ക്കുള്ളിലും പുറത്തും ശാഖകളുണ്ടായിരുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്ദുൽ സലാം മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണു കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. 2 കോടിക്കു മുകളിലുള്ള സാമ്പത്തിക തട്ടിപ്പു കേസായതിനാൽ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർ ഡ്രാഫ്റ്റ് വായ്പ 52 കോടിയോളം കുടിശികയായതിനെത്തുടർന്ന്, ജ്വല്ലറി ഉടമയുടെ ഈടുവസ്തുക്കൾ ജപ്തി ചെയ്യാൻ ട്രൈബ്യൂണലിനെ ബാങ്ക് സമീപിച്ചു.
ബാങ്കിലും ജഡ്ജി ഉൾപ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്തുക്കൾ വീണ്ടെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണു അസി. കമ്മിഷണറും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി അബ്ദുൽ സലാമിനെ സമീപിച്ചത്. പലതവണയായി 2.51 കോടിയും വാങ്ങിയെടുത്തു. ജപ്തി ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് അബ്ദുൽ സലാം പരാതിയുമായി രംഗത്തെത്തിയത്. തെളിവു ശേഖരണം തുടരുന്നു.
കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു വിടാൻ നീക്കമുണ്ടെങ്കിലും, നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് തെളിവുകൾ ശേഖരിക്കുന്നതു തുടരുന്നു. ബാങ്കിൽ നിന്നുള്ള രേഖകൾ അടക്കം ശേഖരിക്കുന്നുണ്ട്. പണം കൈമാറിയത് അടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്യാനാണു തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിനു ശ്രീധറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.