ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽനിന്ന് ഇതുവരെ 2,295 പൗരന്മാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ഡൽഹിയിലിറങ്ങിയ വിമാനത്തിൽ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇസ്രയേലിൽനിന്ന് സി-17 വിമാനത്തിൽ ഇന്ന് എത്തിയത് 165 ഇന്ത്യക്കാരാണ്. ഇവരെ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ സ്വീകരിച്ചു. ഇവരെ ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെത്തിച്ച് അവിടെനിന്നാണ് ഇന്ത്യയിലെത്തിച്ചത്.
ഇന്ന് ഇറാനിൽനിന്നു ഡൽഹിയിലെത്തിയ വിമാനത്തിൽ 14 മലയാളികൾ ഉൾപ്പെടുന്നു. യാത്രാ സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ്‌ലിഹ പടുവൻപാടൻ, കാസർഗോഡ് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർഗോഡ് നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി കെ.കെ. സനാ, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ, എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർഥികളാണ്.വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കു പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങി.ഇസ്രയേലിൽനിന്നെത്തിയ വിമാനത്തിൽ 13 മലയാളികളാണ് ഉള്ളത്.കോട്ടയം പാലാ സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മകൻ ഒരു വയസ്സുകാരൻ ജോഷ്വാ ഇമ്മാനുവേൽ ജോസ് എന്നിവരടങ്ങുന്ന കുടുംബവും ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് ഡോക്ടറൽ പഠനത്തിനായാണ് രേഷ്മയും കുടുംബവും കഴിഞ്ഞ വർഷം ഇസ്രയേലിൽ എത്തിയത്. കണ്ണൂർ സ്വദേശി സജിത് കുമാർ, അതുൽ കൃഷ്ണൻ (തൃശൂർ), ഷൺമുഖരാജൻ (ഇടുക്കി) ഭാര്യ ശരണ്യ, ഉമേഷ് കെ.പി. (മലപ്പുറം), മായമോൾ വി.ബി. (മൂലമറ്റം), ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണു പ്രസാദ് (കോഴിക്കോട്), ജോബിൻ ജോസ് (കോട്ടയം), കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീലക്ഷ്മി തുളസിധരൻ എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ. ശ്രീലക്ഷ്മി ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർഥിനിയാണ്. 2024 ജൂലൈയിലാണ് പഠനത്തിനായി ഇസ്രയേലിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.